മലയോര ഹൈവേ നാടിന്റെ സമ്പദ്ഘടന ഉയർത്തും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മലയോര ഹൈവേ നിർമാണം പൂർത്തിയാകുന്നതോടെ കേരളത്തിന്റെ മലയോര മേഖലയിൽ വൻ വികസന സാധ്യത തുറക്കുമെന്നും ഇതു സമ്പദ്ഘടനയെ വലിയ തോതിൽ ഉയർത്തുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

മലയോര ഹൈവേയുടെ ഭാഗമായ പെരിങ്ങമ്മല – കൊപ്പം റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയതായി മന്ത്രി പറഞ്ഞു. ഇതിനു വിപരീതമായി നിൽക്കുന്ന തെറ്റായ പ്രവർത്തനങ്ങളെ ശക്തമായി എതിർക്കും. മലയോര ഹൈവേ നിർമാണം ടൂറിസം മേഖലയ്ക്കും വലിയ ഊർജം പകരും. മികച്ച റോഡുകൾ യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും ടൂറിസം രംഗത്തു വലിയ കുതിപ്പുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വാമനപുരം, അരുവിക്കര മണ്ഡലങ്ങളിലൂടെയാണു പെരിങ്ങമ്മല – കൊപ്പം റോഡ് കടന്നുപോകുന്നത്. കിഫ്ബി ധനസഹായതോടെ ആധുനിക രീതിയിൽ 12 മീറ്റർ വീതിയിൽ 9.45 കിലോമീറ്റർ ദൂരത്തിലാണു റോഡ് നിർമാണം.

തെന്നൂരിലെ നജ്റാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡി.കെ. മുരളി എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജി. സ്റ്റീഫൻ എം.എൽ.എ. മുഖ്യാതിഥിയായി. വാമനപുരം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ജി. കോമളം, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ, പെരിങ്ങമ്മല ഗ്രാമ പഞ്ചായത് പ്രസിഡന്റ് ഷിനു മടത്തറ, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ്, കേരള റോഡ് ഫണ്ട് ബോർഡ് പി.എം.യു. ഡയറക്റ്റർ ദീപ്തി ഭാനു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *