പ്രളയം: രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് ബില്ലു നല്‍കിയിട്ടില്ലെന്ന് നാവികസേന

കൊച്ചി : സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നാവിക സേന നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് ബില്ലു നല്‍കിയെന്ന പ്രചാരണങ്ങളെ നിഷേധിച്ച് വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്‌ല. ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നു മാത്രമല്ല, അവശ്യസമയങ്ങളില്‍ നേവി സ്വയം നടത്തുന്നതാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍. അതിന് സംസ്ഥാനങ്ങളില്‍ നിന്ന് പണം ഈടാക്കാറില്ല.


നേവിയുടെ കൊച്ചി യൂണിറ്റ് പരിശീലനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അംഗങ്ങള്‍ക്ക് പുറത്ത് പരിശീലനത്തിനു ലഭിച്ച അവസരമായാണ് ഇതിനെ കാണുന്നത്. മറ്റ് ചെലവുകള്‍ തേയ്മാനച്ചെലവും ശമ്പളവുമാണ്. അത് അല്ലാതെ തന്നെ ഉണ്ടാകുന്നതിനാല്‍ ഇതൊന്നും കണക്കാക്കിയിട്ടില്ല.
രക്ഷാപ്രവര്‍ത്തനമല്ല, രാജ്യത്തിന്റെ പൊതു താല്‍പര്യ സുരക്ഷയാണ് നേവിയുടെ ദൗത്യം. ഒരു നൂറ്റാണ്ടായി കേരള സംസ്ഥാനത്തിന്റെ സുരക്ഷയുടെയും സമ്പദ് വ്യവസ്ഥയുടെയും അവിഭാജ്യഘടകമാണ് നേവി, പ്രത്യേകിച്ചും കൊച്ചിയുടെ. കേരളത്തില്‍ നിന്ന് നേവിയുടെ ഭാഗമാകാന്‍ കൂടുതല്‍ യുവാക്കള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *