മഞ്ചേശ്വരം തിരഞ്ഞെടുപ്പു കേസില്‍നിന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പിന്‍മാറില്ല

കൊച്ചി :  മഞ്ചേശ്വരം തിരഞ്ഞെടുപ്പു കേസില്‍നിന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പിന്‍മാറില്ല. തിരഞ്ഞെടുപ്പുകേസ് സ്വയം പിന്‍വലിച്ചു പോകാന്‍ കഴിയില്ലെന്നാണു സുരേന്ദ്രനു ലഭിച്ച നിയമോപദേശം.
89 വോട്ടുകള്‍ക്കു തന്നെ പരാജയപ്പെടുത്തിയ പി.ബി.അബ്ദുല്‍ റസാഖ് എംഎല്‍എയ്‌ക്കെതിരെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 20നാണു റസാഖ് മരിച്ചത്.


ഇതോടെ കേസ് ഒഴിവാക്കി ഉപതിരഞ്ഞെടുപ്പിനു സുരേന്ദ്രന്‍ തയാറാകുമോ എന്നതാണു രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയര്‍ന്ന ചോദ്യം. അതേസമയം, അബ്ദുല്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മകന്‍ കേസില്‍ കക്ഷിചേരും. ഇരുപക്ഷവും കേസ് ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കേസില്‍നിന്നു പിന്‍മാറുന്നില്ലെന്നു നേരത്തേ സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പി.ബി.അബ്ദുല്‍ റസാഖ് മരിച്ച പശ്ചാത്തലത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്നു കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. കേസില്‍നിന്നു പിന്മാറാനില്ലെന്ന നിലപാടു നേരത്തെ സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അബ്ദുല്‍ റസാഖിന്റെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണു സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണു സുരേന്ദ്രന്റെ വാദം. കേസില്‍ കോടതി 67 സാക്ഷികള്‍ക്കു സമന്‍സ് അയച്ചിരുന്നു. 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *