മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ആസൂത്രിത നീക്കം: വി.ഡി. സതീശന്‍

തിരുവനന്തപുരം: കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സാമൂഹ്യമാധ്യമങ്ങളിലെ ഫേക്ക് ഐഡികള്‍ കേരളത്തി​ന്റെ മതമൈത്രി തകര്‍ക്കാന്‍ ഉപ​യോഗിക്കപ്പെടുന്നു എന്നും കണ്ടെത്തി കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

മതസൗഹാര്‍ദ്ദം തകര്‍ക്കാരും വലിയ രീതിയിലുള്ള ചേരിതിരിവും സ്പര്‍ധയും അവിശ്വാസവും വിവിധ മതവിശ്വാസികള്‍ക്കിടയില്‍ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വാട്ട്‌സ്‌ആപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിംങ് ആപ്പുകള്‍ തുടങ്ങി ഫേസ്ബുക്കും യൂ ട്യൂബുമെല്ലാം തെറ്റായ ആശയ പ്രചരണത്തിനായി ചിലര്‍ ദുരുപയോഗം ചെയ്യുകയാണെന്നും പൊലീസ് ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണമെന്നും പറഞ്ഞു.

സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളാണ് ഇതിനായി ഇക്കൂട്ടര്‍ ഉപയോഗിക്കുന്നത്. കേരളത്തിന്റെ സമാധാന അന്തരീക്ഷവും മതമൈത്രിയും സാമൂഹിക ഇഴയടുപ്പവും സംരക്ഷിക്കാനുള്ള എല്ലാ നല്ല ശ്രമങ്ങള്‍ക്കും പിന്തുണ അറിയിക്കുകയാണെന്നും കത്തില്‍ വി.ഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ മതസൗഹാര്‍ദവും സാമൂഹിക ഇഴയടുപ്പവും തകര്‍ക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്തുന്നവരെ കണ്ടെത്തുകയും നടപടിയെടുക്കുകയും വേണമെന്നും കത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *