ബിജെപി ദേശീയ സംഘം കൊച്ചിയില്‍ ; ഉച്ചയ്ക്കുശേഷം ഗവര്‍ണര്‍ പി.സദാശിവത്തിനെ കാണും

കൊച്ചി : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം, ശബരിമല പ്രക്ഷോഭം സംബന്ധിച്ച റിപ്പോര്‍ട്ടു തയാറാക്കാനെത്തിയ ബിജെപി ദേശീയ സംഘം കൊച്ചിയില്‍ തിരക്കിട്ട ചര്‍ച്ചകളാരംഭിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ എംപിയുടെ നേതൃത്വത്തില്‍ പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കര്‍ എംപി, നളിന്‍കുമാര്‍ കാട്ടീല്‍ എംപി എന്നിവരാണു സംഘത്തിലുള്ളത്.
കോര്‍കമ്മിറ്റിയംഗങ്ങളായ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, ഒ.രാജഗോപാല്‍ എംഎല്‍എ, ശോഭ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ഗണേഷ് എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
സംഘം 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോര്‍ കമ്മിറ്റി യോഗത്തിനുശേഷം ശബരിമല കര്‍മസമിതി നേതാക്കളുമായി ചര്‍ച്ച നടത്തും.

ഇന്ന് ഉച്ചയ്ക്കുശേഷം ഗവര്‍ണര്‍ പി.സദാശിവത്തിനെ കാണും. പിന്നീടു ശബരിമലയില്‍ പൊലീസ് അതിക്രമത്തിനിരയായവരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കും. 5ന് പന്തളം കൊട്ടാരത്തിലെത്തി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയശേഷം രാത്രി തിരുവനന്തപുരത്തേക്കു തിരിക്കും. കൊച്ചിയില്‍ കാണാനാവാതെ പോയ കോര്‍ കമ്മിറ്റിയംഗങ്ങളെ തിരുവനന്തപുരത്തു കാണും.
മൂന്നിനു രാവിലെ 9ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിക്കും. 10ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിക്കുന്ന അനിശ്ചിതകാല സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. 11ന് എന്‍ഡിഎ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം സംഘം ഡല്‍ഹിക്കു മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *