സ്പീക്കറുടെ ഏകാധിപത്യപരമായ നടപടികള്‍ അംഗീകരിക്കാനാകില്ലെന്നു പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഏകാധിപത്യപരമായ നടപടികള്‍ അംഗീകരിക്കാനാകില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം മാന്യതയുടെ പരിധി ലംഘിക്കുകയാണെന്നാണു പറയുന്നത്. സ്പീക്കര്‍ ആത്മപരിശോധന നടത്തണം. ഞങ്ങളാരും സ്പീക്കറുടെ കസേര തള്ളിത്താഴെയിട്ടിട്ടില്ല. ഡാന്‍സ് കളിച്ചിട്ടില്ല. മുഖ്യമന്ത്രി പറയുന്നതിനപ്പുറത്തേക്ക് സ്പീക്കര്‍ പോകില്ലെന്നു പറയുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

സ്പീക്കറാണു പ്രതിപക്ഷത്തെ സംരക്ഷിക്കേണ്ടത്. പ്രതിപക്ഷം ഒളിച്ചോടിയെന്നാണു ദേവസ്വം മന്ത്രി സഭയില്‍ പറഞ്ഞത്. എവിടെയാണു ഞങ്ങള്‍ ഒളിച്ചോടിയത്. ഈ സര്‍ക്കാരിനു ഭയമാണ്. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം അറിയും എന്നാണു ഭയം. പ്രതിപക്ഷത്തിന്റെ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുന്ന ഒന്നും അംഗീകരിക്കില്ല.
ആരുടെയും ഔദാര്യം വേണ്ട. അവകാശങ്ങള്‍ നിഷേധിച്ചതോടെയാണു സഭയില്‍ പ്രതിഷേധിച്ചത്. സ്പീക്കര്‍ പ്രതിപക്ഷത്തിനു നീതി നല്‍കാന്‍ തയാറാകണം. സബ്മിഷന്‍ തരാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. എല്ലാം കഴിഞ്ഞപ്പോഴായിരുന്നു ഇത്. ഞങ്ങള്‍ കേട്ടിട്ടില്ല. ശബരിമലയില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യ അജന്‍ഡ ഉണ്ടാക്കിയിരിക്കുകയാണ്. സമരം സെക്രട്ടേറിയറ്റിലേക്കു മാറ്റിയതിന് ബിജെപിയെ അഭിനന്ദിക്കാന്‍ മുഖ്യമന്ത്രി തയാറായി. സമരം നടത്തുന്നതിനുള്ള ആര്‍ജവം യുഡിഎഫിനുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ല.
ശബരിമലയിലെ ബിജെപി സമരം സിപിഎം അനുഗ്രഹത്തോടെയാണ്. ഇതിനു സര്‍ക്കാര്‍ ഒത്താശ നല്‍കുകയാണ്. സന്നിധാനത്തെ സമരകേന്ദ്രമാക്കാന്‍ യുഡിഎഫിനു താല്‍പര്യമില്ലാത്തതിനാലാണ് അങ്ങോട്ടു പോകാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *