വന്‍സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള തത്രപ്പാടില്‍ കേരളത്തിലെ ഒരു വ്യവസായ കേന്ദ്രം

തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങി അടച്ചപൂട്ടലിലേക്ക് നീങ്ങിയിട്ടും കരകയറാനുള്ള തത്രപ്പാടില്‍ കേരളത്തിലെ ഒരു വ്യവസായ കേന്ദ്രം.

ആലപ്പുഴ ആസ്ഥാനമായി തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ മാരുതി സുസുക്കിയുടെ ഡീലര്‍ഷിപ്പ് ബിസിനസ് നടത്തിയിരുന്ന ഹെര്‍ക്കുലീസ് ഓട്ടോമൊബൈല്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് വന്‍സാമ്പത്തിക പ്രതിസന്ധിമൂലം നിലവില്‍ പൂര്‍ണമായും അടച്ചുപൂട്ടലിലേക്ക് പോയിരിക്കുന്നത്.

സ്ഥാപനം നിലനിര്‍ത്തുന്നതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലും ബാങ്ക് അധികൃതരോടും അനുവദിച്ചിട്ടുള്ള വായ്പകളില്‍ ഇളവുവരുത്തുന്നതിനുവേണ്ടി അപേക്ഷിച്ചിരുന്നുവെങ്കിലും 19-06-2021 ല്‍ മാരുതിയുമായുള്ള വ്യാപാരബന്ധം വിച്ഛേദിച്ചതായ നോട്ടീസ് ലഭിച്ചതും അതിനു ശേഷം കോവിഡ് മഹാമാരിയുടെ തീവ്രവ്യാപനംമൂലവും ജി.എസ്.ടി റദ്ദുചെയ്തതു കാരണവും കമ്പനിയുടെ മുന്നോട്ടുള്ള നടത്തിപ്പ് പരുങ്ങലിലായതായി മാനേജ്‌മെന്റ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുമ്പോഴും മൂലധനം (വര്‍ക്കിംഗ്ക്യാപിറ്റല്‍ )ഉപയോഗിച്ചു 1000ത്തോളം തൊഴിലാളികളുടെ വേതനം കൃത്യമായി നല്‍കിക്കൊണ്ടിരുന്നതായിയും ഇക്കഴിഞ്ഞ ഏപ്രില്‍ മാസം വരെയുള്ള ശമ്പളം കമ്പനിതൊഴിലാളികള്‍ക്ക് പൂര്‍ണമായും മേയ് മാസത്തിലെ ശമ്പളത്തിന്റെ പകുതിയും വേതനം നല്‍കിയിട്ടുള്ളതായും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. ഇതിലൂടെ ഏകദേശം 35 കോടി രൂപ അക്യുമിലേറ്റഡ് ലോസും വന്നിട്ടുണ്ടെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

പ്രവാസിയായ അബ്ദുല്‍ ലത്തീഫ് 2006 ല്‍ ന്യൂ മൊബൈല്‍ കാര്‍സ് പ്രൈവറ്റ്‌ ലിമിറ്റഡ് എന്ന നഷ്ട്ടത്തിലോടിയ കമ്പനിയെ ടേക്ക് ഓവര്‍ചെയ്യുകയും അന്ന് ഏകദേശം 150 ഓളം വരുന്ന തൊഴിലാളികള്‍ക്കു ജോലി നല്‍കി കൊണ്ട് രൂപംകൊണ്ടിട്ടുള്ളതാണ് ഹെര്‍ക്കുലീസ് ഓട്ടോമൊബൈല്‍സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ്‌ ലിമിറ്റഡ് കമ്പനി. കോടിക്കണക്കിനുരൂപയുടെ ഇന്‍ഫ്രാസ്‌ട്രെച്ചര്‍ ഡവലപ്‌മെന്റ് നടത്തിയിട്ടുള്ള കമ്പനിക്ക് ബിസിനസ് തുടരണമെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ധധനകാര്യസ്ഥാപനങ്ങള്‍ വഴിയുള്ള സബ്‌സിഡി ഇന്‍ട്രസ്റ്റ് റേറ്റില്‍ 50 കോടിയോളം രൂപ ധനസഹായം ലഭിച്ചാല്‍ മാത്രമേ കമ്പനി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, കമ്പനി നഷ്ടത്തിലായി കൂപ്പുകുത്തിയതോടെ കിട്ടാനുള്ള ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി ഒരുവിഭാഗം തൊഴിലാളികള്‍ കമ്പനിയുടെ ഓഫീസുകളിലും മറ്റും കൊടിനാട്ടി. ഓണനാളില്‍ കമ്പനി ഷോറൂമിനുമുന്നില്‍ അരിയില്ലാതെ കഞ്ഞിവച്ചും പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തി.

എന്നാല്‍ ഇതെല്ലാം കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് വിഘാതമായതായി മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു. ഒരുമാസത്തെ വേദനം ആവശ്യപ്പെട്ടാണ് ഒരു യൂണിയനില്‍പ്പെട്ട  തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ മൂന്നുമാസമായി കമ്പനി നഷ്ടത്തിലാണെന്ന അറിയിപ്പു ലഭിച്ച ജീവനക്കാരില്‍ 95 % പേരും മാനേജ്‌മെന്റുമായി സഹകരിക്കുന്നുണ്ടെന്നും പലരും റിസൈന്‍ ചെയ്യാതെ തന്നെ മറ്റു സ്ഥാപനങ്ങളില്‍ ജോലിക്കു കയറിയിട്ടുള്ളതായും എന്നാല്‍, ഒരു വിഭാഗം തൊഴിലാളികളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും മാനേജ്‌മെന്റ് ആരോപിക്കുന്നു.

സ്ഥാപനത്തിന് അകത്തുവരെ കൊടി നാട്ടി സ്ഥാപനം അടച്ചുപൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിച്ചതെന്നും കേരളത്തില്‍ സ്ഥാപനത്തിന് അകത്തും പുറത്തും കൊടിനാട്ടി അടയ്പ്പിക്കുന്ന ഏക സ്ഥാപനമാണിതെന്നും മാനേജ്‌മെന്റ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

മാരുതിയില്‍ നിന്ന് വ്യാപാര കരാര്‍ റദ്ദാക്കിയ നോട്ടീസ് ലഭിച്ചുവെങ്കിലും മൂന്നുമാസം വരെ വൈന്‍ഡ് അപ് ചെയ്യാനുള്ള സമയം ഉള്ളതായും എന്നാല്‍് കമ്പനി പൂട്ടാതിരിക്കാനുള്ള എല്ലാവഴികളും നിലവില്‍ നോക്കിവരികയാണെന്നും തൊളിലാളികളെയും ഇത് ധരിപ്പിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് പ്രതിനിധി അറിയിച്ചു. കമ്പനിയുടെ കസ്റ്റമര്‍ റിലേറ്റഡ് ആയ എല്ലാ പ്രശ്‌നങ്ങളും നിലവില്‍ ഓരോന്നായി പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *