തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം ശക്തമായതോടെ നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം ശക്തമായതോടെ സ്പീക്കര്‍ സഭ ഇന്നത്തേക്ക്‌  പിരിച്ചുവിട്ടു. ചോദ്യോത്തരവേള റദ്ദാക്കി. സബ്മിഷനുകളും ശ്രദ്ധ ക്ഷണിക്കലും വെട്ടിച്ചുരുക്കി. രണ്ടു ബില്ലുകള്‍ ചര്‍ച്ച കൂടാതെ സബ്ജക്റ്റ് കമ്മിറ്റിക്കു വിട്ടു. 21 മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു.

ശബരിമലയിലെ സൗകര്യക്കുറവു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ഈ ആവശ്യം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തള്ളി. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. വിഷയം ഇന്നലെ വിശദമായി ചര്‍ച്ച ചെയ്തുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എന്നാല്‍ ചോദ്യോത്തരവേള റദ്ദു ചെയ്തു ചര്‍ച്ച വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചോദ്യോത്തരവേള ബഹിഷ്‌കരിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഡയസ്സിനു മുന്നില്‍ വരെയെത്തിയായിരുന്നു പ്രതിഷേധം.
പ്രതിപക്ഷാംഗങ്ങളും സ്പീക്കറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധം തുടരുന്നതു ശരിയല്ലെന്നു സ്പീക്കര്‍ നിലപാടെടുത്തു. ഗവര്‍ണര്‍ പറഞ്ഞത് ഓര്‍ക്കണം. ശബരിമല പ്രസക്ത വിഷയമാണെങ്കിലും അതിന്റെ പേരില്‍ സഭ സ്തംഭിപ്പിക്കാനാകില്ല. മറ്റു ജനകീയ വിഷയങ്ങളുമുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. അതേസമയം, ഞങ്ങളാരും കസേര മറിച്ചിട്ടിട്ടില്ലെന്നു പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു. പ്രതിഷേധം കനത്തതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *