പാകിസ്ഥാന്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ സാര്‍ക്ക് ഉച്ചകോടിക്കില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി : സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള പാക്കിസ്ഥാന്റെ ക്ഷണം നിരസിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഈ കാര്യം അറിയിച്ചത്. പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്നു കഴിഞ്ഞ ദിവസം പാക്ക് വിദേശകാര്യ വക്താവ് അറിയിച്ചിരുന്നു. ഇന്ത്യയില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി യാതൊരുവിധ ചര്‍ച്ചകളോ സഹകരണമോ ഇല്ലെന്നു സുഷമ സ്വരാജ് മാധ്യമങ്ങളോടു പറഞ്ഞു. കര്‍താര്‍പുര്‍ സിഖ് ഇടനാഴിയുടെ പാക്കിസ്ഥാന്‍ ഭാഗത്തെ നിര്‍മാണോദ്ഘാടനത്തില്‍ രണ്ടു കേന്ദ്ര മന്ത്രിമാരും പഞ്ചാബ് മന്ത്രി നവ്‌ജോത് സിങ് സിദ്ദുവും പങ്കെടുത്തത് ഇതുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.


2013 മുതല്‍ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രിമാരായ ഹര്‍സിമ്രത് കൗര്‍ ബാദലും ഹര്‍ദീപ് സിങ് പുരിയും ലാഹോറിലെ കര്‍താര്‍പുര്‍ ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ കര്‍താര്‍പുര്‍ സിഖ് ഇടനാഴിയും നയതന്ത്ര ചര്‍ച്ചയും രണ്ടാണെന്നു സുഷമ സ്വരാജ് പറഞ്ഞു. ‘കഴിഞ്ഞ 20 വര്‍ഷമായി കര്‍താര്‍പുര്‍ ഇടനാഴിക്കായി ഇന്ത്യ ശ്രമിക്കുകയാണ്. പാക്കിസ്ഥാന്‍ ആദ്യമായി അതിനോടു അനുകൂലമായി പ്രതികരിച്ചത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ നയതന്ത്ര ചര്‍ച്ചയുമായി അതിനു ബന്ധമില്ല’.- സുഷമ പറഞ്ഞു.
2016 ലും പാക്കിസ്ഥാനില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിച്ചിരുന്നു. ജമ്മു കശ്മീരിലെ ഉറിയില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ സൈനികത്താവളത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ 18 സൈനികര്‍ വീരമൃത്യു വരിച്ച സാഹചര്യത്തിലാണ് ഇന്ത്യ ഉച്ചകോടി ബഹിഷ്‌കരിച്ചത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളും വിട്ടുനിന്നതോടെ ഉച്ചകോടി ഉപേക്ഷിക്കുകയായിരുന്നു. 2014-ല്‍ നേപ്പാളില്‍ നടന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഭൂട്ടാന്‍, മാലദ്വീപ്, നേപ്പാള്‍ എന്നിവയാണ് സാര്‍ക്ക് അംഗരാജ്യങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *