ശ്രീകാര്യം സിഐയ്‌ക്കെതിരെ അന്വേഷണം; പോലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ശ്രീകാര്യത്ത്​ പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്രത്തിലേക്കുപോയ വിദ്യാര്‍ഥിയെയും അമ്മയെയും പൊലീസ് തടഞ്ഞ് 2000 രൂപ പിഴ ഈടാക്കിയശേഷം 500 രൂപയുടെ രസീത്​ നല്‍കിയ സംഭവത്തില്‍ സസ്പെന്‍ഷന്‍.

സിവില്‍ പൊലീസ് ഓഫിസര്‍ അരുണ്‍ ശശിയെയാണ് സസ്പെന്‍ഡ് ചെയ്തത്. സി.ഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണര്‍ ഉത്തരവിട്ടു.

ശ്രീകാര്യം വെഞ്ചാവോട് ശബരിനഗറിലെ നവീനിന്‍റെ (19) പരാതി പ്രകാരമാണ്​ നടപടി. കര്‍ക്കടവാവ് പിതൃതര്‍പ്പണം നടത്താന്‍ നവീനും അമ്മയും ശ്രീകാര്യം പുലിയൂര്‍ക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ബുക്ക്​ ചെയ്തിരുന്നു. ബലിയിടാനായി കാറില്‍ പോയ ഇരുവരെയും ശ്രീകാര്യം മാര്‍ക്കറ്റിനു സമീപത്തുവെച്ച്‌​ പൊലീസ് തടഞ്ഞു. ബലിയിടാന്‍ പോകുകയാണെന്നു പറഞ്ഞപ്പോള്‍ ബലിയിടേണ്ടെന്നും തിരിച്ചു പോകാനും നിര്‍ദേശിച്ചു.

കാര്‍ പിന്നിലേക്കെടുത്തപ്പോള്‍ പൊലീസുകാരനെത്തി 2000 രൂപ പിഴ അടക്കാന്‍ ആവശ്യപ്പെട്ടു. ഇരുവരെയും ശ്രീകാര്യം സ്റ്റേഷനിലേക്കു കൊണ്ടുപോയി 2000 രൂപ വാങ്ങിയശേഷം 500 രൂപയുടെ രസീത്​ നല്‍കുകയും ചെയ്​തു. തുടര്‍ന്നാണ് നവീന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്.

പിഴവ് മനസിലായതോടെ നവീനെ ഫോണില്‍ ബന്ധപ്പെട്ടെന്നും നവീന്‍ പ്രതികരിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യമുണ്ടെന്നറിഞ്ഞ് നേരത്തെ ടോക്കണെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്നും എന്നാല്‍, ഒരിക്കല്‍ പോലും സത്യവാങ്മൂലമുണ്ടോ എന്ന് പൊലീസ് ചോദിച്ചില്ലെന്നും പിഴയീടാക്കുകയായിരുന്നെന്നുമാണ്​ നവീന്‍ പ്രതികരിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *

You may missed