അയോദ്ധ്യ: രാമക്ഷേത്രം 2023ല്‍ ഭക്തര്‍ക്കായി തുറന്നു നല്‍കും

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാമക്ഷേത്രത്തിന്റെ പൂര്‍ണമായ നിര്‍മാണം 2025ഓടു കൂടി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. മ്യൂസിയം, ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്, റിസര്‍ച്ച്‌ സെന്റര്‍ എന്നിവയടക്കം ക്ഷേത്രത്തിന്റെ ഭാഗമായി നിര്‍മ്മിക്കും.

നാളെ (2021 ഓഗസ്റ്റ് അഞ്ച്) ക്ഷേത്രനിര്‍മാണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമി പൂജ നടത്തിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവും. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിര്‍മാണ ചെലവായി കണക്കുകൂട്ടുന്നത്. 3000 കോടിയിലധികം രൂപ ഇതിനകം ക്ഷേത്ര ട്രസ്റ്റിന് സംഭവാന ലഭിച്ചിട്ടുണ്ട്.

താഴത്തെ നിലയിലെ അഞ്ചുമണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിര്‍മാണം 2023 അവസാനത്തോടെ പൂര്‍ത്തിയാകും. ഒന്നാംനിലയുടെ ശിലാസ്ഥാപനവും പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും.

Leave a Reply

Your email address will not be published. Required fields are marked *