വ്യാപാരികളുടെ ഹരജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി

കൊച്ചി:ലോക്ഡൗണ്‍ നിബന്ധനകള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനായി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.ലോക്ക് ഡൗണ്‍ സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ബുധനാഴ്ച എടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.

ടിപിആര്‍ റേറ്റിനെ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. നികുതി ഇളവും കെഎസ്‌ഇബി കുടിശിഖയില്‍ ഇളവും ബാങ്ക് ലോണുകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നു ഹരജിയില്‍ ആവശ്യപ്പെടുന്നു.

സ്‌റ്റോക്ക് ചെയ്തിട്ടുളള ഉല്‍പ്പന്നങ്ങള്‍ നശിച്ചുപോയതിനു നഷ്ടപരിഹാരം നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കണം. കൊവിഡ് അതിജീവന പാക്കേജിന്റ ഭാഗമായി സര്‍ക്കാരിനു നല്‍കിയിട്ടുള്ള ജിഎസ്ടി തുക തിരികെ നല്‍കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു.

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു പകരമായി രോഗബാധിതരുടെ വീടുകളും പരിസരവും അണുവിമുക്തമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. രോഗബാധിതരുടെ അടുത്ത ബന്ധുക്കളെ ഐസോലെറ്റ് ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *