മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു

കൊച്ചി : മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണല്‍ അംഗമാകുന്നതിനു സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നു എന്നാരോപിച്ചു ടി.പി. സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഐഎസ്ആര്‍ഒ കേസില്‍ നമ്പി നാരായണനെ പീഡിപ്പിക്കാന്‍ സെന്‍കുമാര്‍ കൂട്ടുനിന്നെന്നും ഈ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നുമാണു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കാന്‍ സാധിക്കില്ല എന്നാണു സര്‍ക്കാര്‍ നിലപാട്.

നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ പരാതിയില്‍ ഏഴാം എതിര്‍ കക്ഷിയാണു സെന്‍കുമാര്‍. നമ്പി നാരാണനെതിരായ കേസില്‍ അന്വേഷണ ഉത്തരവാദിത്തം സെന്‍കുമാറിന് ഉണ്ടായിരുന്നെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടരന്വേഷണ അനുമതി സമ്പാദിച്ചെന്നും മാധ്യമങ്ങള്‍ക്കു വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്നും നമ്പി നാരായണന്‍ നല്‍കിയ പരാതിയിലുണ്ട്. കേസില്‍ 11 ലക്ഷം രൂപയുടെ നഷ്ടപരിഹാരമാണു നമ്പി നാരയണന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ നിയമനം നടത്താനാവൂ എന്നാണു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം, തന്റെ നിയമനം തടഞ്ഞ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ടി.പി. സെന്‍കുമാറിന്റെ ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *