വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം

നെടുമങ്ങാട്:  നിയോജക മണ്ഡലത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തു തുടക്കം കുറിച്ചതും ഭരണാനുമതി ലഭിച്ചതുമായ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വികസന പദ്ധതികളുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകളുടെ അവലോകന യോഗം മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു.

എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട്, തദ്ദേശ റോഡ് ഫണ്ട്, പൊതുമരാമത്ത് നിരത്ത് വിഭാഗം, കെട്ടിട വിഭാഗം, മൈനർ – മേജർ ഇറിഗേഷൻ,ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടിവ് എൻജിനീയർ എന്നിവർ നിർവഹണ ഉദ്യോഗസ്ഥരായി വരുന്ന നിർമാണ പ്രവർത്തനങ്ങൾ, വാട്ടർ അതോറിറ്റിയുടെ പദ്ധതികൾ തുടങ്ങിയവ സംബന്ധിച്ചാണ് അവലോകന യോഗം ചേർന്നത്. 2018-19, 2019-20 വർഷങ്ങളിൽ ഏറ്റെടുത്തതും ഇതുവരെ ജോലികൾ പൂർത്തിയാക്കാത്തവരുമായ കരാറുകാർ സമയബന്ധിതമായി അവ പൂർത്തിയാക്കണമെന്നു മന്ത്രി നിർദേശിച്ചു. ഇല്ലെങ്കിൽ വർക്കുകളുടെ എസ്റ്റിമേറ്റ് റിവേഴ്‌സ് ചെയ്യില്ല. വർക്കുകൾ റീ-ടെൻഡർ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

കന്യാകുളങ്ങര ആശുപത്രിയിൽ സഞ്ചാരത്തിനു തടസമുണ്ടാക്കുന്ന മൺകൂനകൾ ഉടൻ നീക്കംചെയ്തു നിർമാണം ഉടൻ പൂർത്തിയാക്കണം. എം.എൽ.എ. ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ കൃത്യമായി സൂപ്പർവൈസ് ചെയ്യാൻ എ.ഡി.സിക്കു നിർദേശം നൽകി. നിർമാണം തുടങ്ങാൻ കഴിയാത്ത പ്രവൃത്തികൾ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എം.എൽ.എ. ഓഫിസുമായി ബന്ധപ്പെട്ടു തടസങ്ങൾ നീക്കണം. നെടുമങ്ങാട് ഗവൺമെന്റ് കോളജുമായി ബന്ധപ്പെട്ട അഞ്ചു പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ അടുത്തയാഴ്ച കോളജ് സന്ദർശിക്കും. പോത്തൻകോട് യു.പി. സ്‌കൂൾ കെട്ടിട നിർമാണം വിലയിരുത്താൻ തിങ്കളാഴ്ച സ്‌കൂൾ സന്ദർശിക്കുമെന്നും നെടുമങ്ങാട് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *