രോഗികളുടെ വിവരങ്ങള്‍ കൈമാറാനായി വീട്ടിലേക്ക് വിളിക്കാം പദ്ധതി

തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ വിവരങ്ങള്‍ കൈമാറാനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച വീട്ടിലേക്ക് വിളിക്കാം പദ്ധതിയില്‍ പങ്കുചേര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും.

മെഡിക്കല്‍ കോളേജ് കോവിഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചാണ് രോഗിയുടെ ബന്ധുവിനെ വിളിച്ച്‌ വിവരം കൈമാറിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള വക്കം സ്വദേശിയായ രോഗിയുടെ വിവരങ്ങളാണ് മന്ത്രി തന്നെ നേരിട്ട് ബന്ധുവിനെ വിളിച്ചറിയിച്ചത്. ചികിത്സയില്‍ കഴിയുന്നയാളിന്റെ സഹോദരന്‍ വിനുവിനാണ് മന്ത്രി വിവരങ്ങള്‍ കൈമാറിയത്. സഹോദരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുവെന്നും ഓക്സിജന്റെ അളവ് കൂടിയിട്ടുണ്ടെന്നും ആഹാരം കഴിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചപ്പോള്‍ വിനുവിനും ആശ്വാസമായി. മന്ത്രിയാണ് നേരിട്ട് വിളിച്ചതെന്നറിഞ്ഞപ്പോള്‍ അതിലേറെ സന്തേഷവും തോന്നി.

കോവിഡ് രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറാന്‍ ഒപി ബ്ലോക്കില്‍ തന്നെയാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെയാണ് മന്ത്രിയുടെ നിര്‍ദേശപ്രകാരം രോഗികള്‍ക്ക് ബന്ധുക്കളുമായി സംവദിക്കാന്‍ കഴിയുന്ന വീട്ടിലേക്ക് വിളിക്കാം പദ്ധതി ആരംഭിച്ചത്.

നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി.ആര്‍. അനില്‍, ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ജോബിജോണ്‍, ആര്‍.എം.ഒ. ഡോ. മോഹന്‍ റോയ്, നഴ്സിങ് സൂപ്രണ്ട് അനിതകുമാരി, ഹൗസ് കീപ്പിങ് ഇന്‍ ചാര്‍ജ് ശ്രീദേവി, വികാസ് ബഷീര്‍, സെക്യൂരിറ്റി ഓഫീസര്‍ നസറുദീന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *