ക്ഷേമനിധി ആനൂകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യും :  മന്ത്രി  വി.ശിവന്‍കുട്ടി

തിരുവനന്തപുരം: ക്ഷേമനിധി ആനൂകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസവും വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി.

തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്മാരുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ക്ഷേമനിധി പദ്ധതികളില്‍ അര്‍ഹരായവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുന്നതെന്ന് ഉറപ്പു വരുത്തണം. ഇരട്ട അംഗത്വം ഒഴിവാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.ദ്വയാംഗത്വം ഒഴിവാക്കുന്നതിന് ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തൊഴിലാളികളുടെ വിവരശേഖരണം നടത്തണം.ബോര്‍ഡുകള്‍ക്കായി തയാറാക്കിയ അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫെറന്‍സ് സിസ്റ്റം സംയോജിത സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

തൊഴിലാളികളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ നടപടി സ്വീകരിക്കുന്നതിനും ക്ഷേമപദ്ധതികളില്‍ നിന്നുള്ള വിവിധ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നിവ വേഗത്തില്‍ നല്‍കുന്നതിനും ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.

തൊഴിലാളികളുടെ വിഹിതവും തൊഴിലുടമ നല്‍കേണ്ട വിഹിതവും ചേര്‍ന്നതാണ് ബോര്‍ഡുകളുടെ വരുമാനം.ക്ഷേമനിധി ബോര്‍ഡുകളുടെ ആകെ വരുമാനത്തിന്റെ നിശ്ചിത ശതമാനമാണ് ഭരണച്ചിലവിനായി വിനിയോഗിക്കേണ്ടത്. ഇതു കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ബോര്‍ഡിലെ ഓരോ ഉദ്യോഗസ്ഥരും തൊഴിലാളികളോട് പ്രതിബദ്ധതയുള്ളവരായി പ്രവര്‍ത്തിക്കണം. ഓരോ ബോര്‍ഡുകളിലെയും വിവിധ പദ്ധതികളുടെ നിലവിലെ അവസ്ഥ, അവ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ഒരുമാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *