മാതൃകവചം:ഗർഭിണികൾക്കുള്ള കോവിഡ് വാക്‌സിനേഷന് തുടക്കമായി

തിരുവനന്തപുരം : ജില്ലയിൽ ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ ‘മാതൃകവചം’ പരിപാടി ആരംഭിച്ചു.പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ നിർവഹിച്ചു.

തിരുവനന്തപുരം എസ്.എ.ടി ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി, വർക്കല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, പേരൂർക്കട ജില്ലാ മോഡൽ ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിലെ ഗർഭിണികൾക്കു സ്പോട്ട് രജിസ്ട്രേഷനിലൂടെ പദ്ധതിയുടെ ഭാഗമായി വാക്സിനേഷൻ നൽകും.

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വാക്സിനേഷനായി എത്തിയ ഗർഭിണികൾക്ക് ബോധവത്കരണം നൽകുകയും അവരിൽ നിന്ന് രേഖാമൂലമുള്ള സമ്മതം വാങ്ങുകയും ചെയ്തു.വാക്സിനേഷന് ശേഷമുള്ള നിരീക്ഷണ സമയത്ത് ആശുപത്രിയിലെ കോവിഡ് വാക്സിനേഷൻ നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ ഗർഭിണികൾക്കായി കോവിഡ്, സിക്ക വൈറസുകളെക്കുറിച്ചും ഗർഭകാല പരിരക്ഷയെ സംബന്ധിച്ചും ആരോഗ്യ വിദ്യാഭ്യാസം നൽകി. ആശുപത്രിയിലെ ഗർഭിണികൾക്കായുള്ള കോവിഡ് വാക്സിനേഷൻ സൗകര്യങ്ങൾ ജില്ലാ കളക്ടർ വിലയിരുത്തി.

വാക്സിൻ ലഭ്യത അനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ ഗർഭിണികൾക്ക് എല്ലാ ആശുപത്രികളിലുമായി കോവിഡ് വാക്സിനേഷൻ ലഭ്യമാക്കും. ഗർഭാവസ്ഥയുടെ ഏതു കാലയളവിലും കോവിഡ് വാക്സിൻ സ്വീകരിക്കാം. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജയിംസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.മഞ്ജുള ഭായ്, ഗൈനക്കോളജി വിഭാഗം ചീഫ് കൺസൾട്ടന്റ് ഡോ. ലീലാ മണി, ആർ.എം.ഒ ഡോ. അനിത തോമസ്, ആർ.സി.എച്ച് ഓഫീസർ ഡോ. ദിവ്യ സദാശിവൻ, ആശുപത്രി കോവിഡ് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. ധന്യ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ബി. പമേല എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *