രാഷ്​ട്രപതി സ്​ഥാനാര്‍ഥിയാകില്ല: ശരദ്​ പവാര്‍

മുംബൈ: 2022ല്‍ രാഷ്​ട്രപതി സ്​ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി എന്‍.സി.പി തലവന്‍ ശരദ്​ പവാര്‍. രാഷ്​ട്രപതി സ്​ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെയായിരുന്നു പാര്‍ട്ടി വൃത്തങ്ങളുടെ പ്രതികരണം.

പാര്‍ലമെന്‍റില്‍ ബി.ജെ.പിക്ക്​ 300ലധികം അംഗങ്ങള്‍ ഉള്ളപ്പോള്‍ മത്സരത്തിനിറങ്ങുന്നതിന്‍റെ അനന്തരഫലം മുന്‍കൂട്ടി കാണുന്നതിനാലാണ് പവാറിന്‍റെ​ പിന്മാറ്റമെന്ന്​ അടുത്ത വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞദിവസങ്ങളില്‍ തെരഞ്ഞെടുപ്പ്​ തന്ത്രജ്ഞന്‍ പ്രശാന്ത്​ കിഷോറും പവാറും രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ കിഷോര്‍ കോണ്‍ഗ്രസ്​ നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ മഹാരാഷ്​ട്ര മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ്​ പവാര്‍ രാഷ്​ട്രപതി സ്​ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുകയായിരുന്നു.

ഇതോടെ തെറ്റായ വിവരങ്ങളാണ്​ പ്രചരിക്കുന്നതെന്നും താന്‍ രാഷ്​​ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും വ്യക്തമാക്കി പവാര്‍ തന്നെ രംഗത്തെത്തുകയായിരുന്നു. പ്രശാന്ത്​ കിഷോറുമായി രാഷ്​ട്രപതി തെര​െഞ്ഞടുപ്പ്​ സംബദ്ധിച്ചല്ല, 2024ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്​ ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *