ചര്‍ച്ച പരാജയം; നാളെ 14 ജില്ലകളിലും കടകള്‍ തുറക്കുമന്ന് വ്യാപാരികള്‍

കോഴിക്കോട്: പെരുന്നാള്‍ കച്ചവടത്തിനായി കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി കോഴിക്കോട് ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും  14 ജില്ലകളിലും നാളെ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.

തടയാന്‍ പൊലീസ് ശ്രമിച്ചാല്‍ അതും നേരിടാന്‍ തയ്യാറാണെന്ന നിലപാടിലാണ് വ്യാപാരികള്‍. മറിച്ചെന്തെങ്കിലും തീരുമാനം വരാന്‍ കാത്തിരിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

സംസ്ഥാന അടിസ്ഥാനത്തിലാണ് നാളെ കടകള്‍ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ കോഴിക്കോട് മാത്രം തീരുമാനമെടുത്തിട്ട് കാര്യമില്ലെന്നും ചര്‍ച്ചയിലെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.

പെരുന്നാള്‍ ദിനം വരെ 24 മണിക്കൂറും കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും ബാക്കി കാര്യം ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്നുമായിരുന്നു വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് വ്യാപാരി വ്യവാസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സേതുമാധവന്‍ പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനം മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സമരം നടത്തുകയാണെങ്കില്‍ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *