കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം: കിറ്റക്‌സിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കിറ്റക്‌സ് ഗ്രൂപ്പ് വിഷയത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം നിക്ഷേപ സൗഹൃദമല്ല എന്ന വാദം ഉയര്‍ത്തുന്നത് കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിയെ തടയുന്നത് ശരിയല്ല. നിയമവും ചട്ടവും എല്ലാവരും അനുസരിക്കണം. അതിനെ വേട്ടയാടലായി കാണേണ്ടതില്ല. ആരെയും വേട്ടയാടാന്‍ ഈ സര്‍ക്കാര്‍ തയാറല്ല. അത് പല വ്യവസായികളും പരസ്യമായി സമ്മതിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളം. കിറ്റെക്‌സ് പ്രതിനിധികള്‍ക്കു സഞ്ചരിക്കാന്‍ വിമാനം അയച്ചതും കൊണ്ടുപോയതും തെലങ്കാനയുടെ താല്‍പര്യമാണ്. അവിടെ വ്യവസായം വരുന്നത് നല്ലതാണ് എന്ന് അവര്‍ കരുതിക്കാണും. കിറ്റെക്‌സിന്റെ ഓഫര്‍ വന്നപ്പോള്‍ വിമാനം അയച്ചു കാണും. അതില്‍ താന്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. എന്നാല്‍, ഇത് ഉയര്‍ത്തുന്ന ഗൗരവമായ പ്രശ്‌നങ്ങളുണ്ട്. വസ്തുതയ്ക്കു നിരക്കാത്ത വാദങ്ങള്‍ ഈ ഘട്ടത്തില്‍ ഉയര്‍ന്നു വരുന്നു. കേരളം നിക്ഷേപത്തിന് അനുകൂലമല്ല എന്നാണ് വാദം. ഇതു പണ്ട് സംസ്ഥാനത്തെക്കുറിച്ചു പറഞ്ഞു പരത്തിയ ആക്ഷേപമാണ്. അത് പൂര്‍ണമായി നാട് നിരാകരിച്ചിട്ടുണ്ട്.

ഇപ്പോള്‍ വ്യവസായികള്‍ ഏറ്റവും നിക്ഷേപ സൗഹൃദമായാണ് കേരളത്തെ കാണുന്നത്. നിതി ആയോഗ് പ്രസിദ്ധീകരിച്ച സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് ഒന്നാമതെന്നു മുഖ്യമന്ത്രി പറഞ്ഞു. സൂചികയിലെ പ്രധാന പരിഗണന വ്യവസായ വികസനം ആയിരുന്നു. ആ രംഗത്തെ വികസനമാണ് നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. മികച്ച ബിസിനസ് സാഹചര്യത്തില്‍ കേരളത്തിനു രണ്ടാം സ്ഥാനം ലഭിച്ചു.

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനയ്ക്കു കേന്ദ്രീകൃത സംവിധാനം ഒരുക്കി. എല്ലാ വ്യവസായ പാര്‍ക്കുകളിലും വ്യവസായങ്ങള്‍ക്ക് വേഗം അനുമതി ലഭിക്കുന്നതിനു ബോര്‍ഡ് രൂപീകരിച്ചു. നിക്ഷേപത്തിന് അനുകൂല സാഹചര്യം ഒരുക്കി. 30 വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത അപേക്ഷ ഫോറം ലഭ്യമാക്കി. 30 ദിവസത്തിനകം തീരുമാനമെടുക്കണം. അല്ലെങ്കില്‍ വ്യവസായ യൂണിറ്റിന് അനുമതി ലഭിച്ചതായി കണക്കാക്കും. വ്യവസായ അന്തരീക്ഷം കൂടുതല്‍ സൗഹൃദമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി നല്ല രീതിയില്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *