മദ്യവില്‍പനയില്‍ സര്‍ക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ അനിയന്ത്രിത ആള്‍ക്കൂട്ടത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.

ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രമാചന്ദ്രന്‍ വ്യക്തമാക്കി.

തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ടലെറ്റിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്നാരോപിച്ച് ബിവറേജസ് ഔട്ട് ലെറ്റിനു സമീപം പ്രവർത്തിയ്ക്കുന്ന കടയുടെ ഉടമകൾ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി.

എക്‌സൈസ് കമ്മീഷണർ അനന്തകൃഷ്ണനും  ബിവറേജസ് കോര്‍പറേഷന്‍ എം ഡി യോഗേഷ് ഗുപ്തയും സ്ഥലം എസ്.ഐയും കോടതിയില്‍ ഹാജരായി. എക്സൈസ് ബിവറേജസ് ഉദ്യോഗസ്ഥരെ കോടതി രൂക്ഷമായി വിമര്‍ശിയ്ക്കുകയും ചെയ്തു.

കോവിഡ് മാനദണ്ഡങ്ങള്‍ മൂലം സംസ്ഥാനത്ത് വിവാഹച്ചടങ്ങുകളില്‍ ഇരുപതു പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി ഉളപ്പോൾ ബിവറേജസ് ഔട്ടലെറ്റുകള്‍ക്കു മുന്നില്‍ അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വരാന്ത്യ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് മുന്നോടിയായുള്ള വെള്ളിയാഴ്ചകളില്‍ അനിയന്ത്രിതമായ തിരക്കാണ് രൂപപ്പെടുന്നത്. ആളുകള്‍ കൂട്ടയടി നടത്തുമ്പോള്‍ ഒരു മീറ്റര്‍ അകലമെന്ന് കോവിഡ് മാനദണ്ഡം ജലരേഖയായി മാറുകയാണ്. പരസ്പരമുള്ള സ്പര്‍ശനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും കോവിഡ് പടര്‍ന്നു പിടിയ്ക്കാനുള്ള സാധ്യത ഏറുകയാണ്.

രണ്ടാം തരംഗത്തിനുശേഷമുള്ള മൂന്നാം തരംഗം പ്രവചിക്കപ്പെടുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മദ്യവില്‍പ്പനശാലകള്‍ മാറുകയാണ്. ആദ്യഘട്ട ലോക്ക് ഡൗണിനുശേഷം മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോഴുള്ള തിരക്ക് ബോധ്യപ്പെട്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് ക്യത്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്നും കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *