കോവിഡ്‌ മരണക്കണക്കിൽ അട്ടിമറിയുണ്ടായതായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ്‌ മരണക്കണക്കിൽ അട്ടിമറിയുണ്ടായതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാർ വെബ്സൈറ്റിൽ കോവിഡ്‌ ബാധിച്ച് മരിച്ചവരുടെ പേരുകളില്ല. കോവിഡ്‌ മരണമെന്ന് തെളിയിക്കാൻ ബന്ധുക്കൾ എവിടെ പോകണം? ആർക്കാണ് ഇവർ പരാതി നൽകേണ്ടത്. ഇവരുടെ കൈവശം എന്ത് തെളിവാണുള്ളതെന്നും സതീശൻ ചോദിച്ചു.

കോവിഡ്‌ ബാധിച്ച് മരിച്ചവരെ കുറിച്ച് ആരോഗ്യ, തദ്ദേശഭരണ വകുപ്പുകളുടെ പക്കലാണ് തെളിവുകളുള്ളത്. ഇത് സർക്കാർ പരിശോധിക്കാൻ തയ്യാറാകണം. സർക്കാരിന്റെ കൈവശമുള്ള കൊവിഡ് മൂലം മരിച്ചവരുടെ കണക്ക് പുറത്തിവിടണം. അപ്പോൾ കണക്കിൽ പെടാത്തത് ആരൊക്കെയാണെന്ന് അറിയാം.

ഐസിഎംഐആർ, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങൾ സംസ്ഥാനം അട്ടിമറിച്ചുവെന്നും മരണം കുറച്ചു കാണിക്കാൻ ഗൂഡാലോചന നടന്നുവെന്നും സതീശൻ ആരോപിച്ചു. ഒട്ടേറെ കോവിഡ്‌
മരണങ്ങൾ പട്ടികയിൽ നിന്നും പുറത്തായി. ഇത് പുറത്തു വരുമോയെന്ന ആശങ്കയാണ് ആരോഗ്യ മന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഡോക്ടർമാരാണ് മരണകാരണം നിശ്ചയിക്കേണ്ടതെന്നിരിക്കെ തിരുവനന്തപുരത്തെ ഒരു വിദഗ്ദസമിതിയാണ് കേരളത്തിലെ കോവിഡ്‌ മരണങ്ങൾ നിശ്ചയിച്ചത്. ഇത് ഐസിഎംആർ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും സതീശൻ ആരോപിച്ചു.

വിവിധ വകുപ്പുകളെ ഏകോപിച്ച് സംവിധാനം ഉണ്ടാക്കി സർക്കാർ കൃത്യമായ കണക്കുകൾ പുറത്ത് വിടണം. കേന്ദ്രം സഹായധനം പ്രഖ്യാപിച്ച ശേഷം കണക്കുകൾ തിരുത്തിയാൽ അതിൽ കേന്ദ്ര സർക്കാർ ആക്ഷേപം ഉന്നയിക്കാനിടയുണ്ട്. അതിനാൽ ഒരുമാസത്തിനുള്ളിൽ സർക്കാർ കൈവശമുള്ള കണക്ക് പുറത്ത് യഥാർത്ഥ മരണക്കണക്ക് തയ്യാറാക്കണമെന്നും സർക്കാർ പരിശോധനയ്ക്ക് തയ്യാറല്ലെങ്കിൽ പ്രതിപക്ഷം ആ ജോലി ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി.

സ്വർണക്കടത്ത്​ സംഘങ്ങൾക്ക്​ സിപിഎം കുടപിടിക്കുന്നുവെന്നും അവര്‍ക്ക് പിന്തുണ നൽകേണ്ട ഗതികേടിലേക്കാണ്​ സി.പി.എം എത്തിയതെന്നും സതീശൻ പറഞ്ഞു. സ്വർണക്കടത്ത്​ സംഘങ്ങളെ സിപിഎം രാഷ്​ട്രീയമായി ഉപയോഗിച്ചു. അതിനാല്‍, അവര്‍ക്ക്​ പിന്തുണ നൽകിയില്ലെങ്കിൽ പല രാഷ്ട്രീയ കൊലപാതക​ങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമെന്ന്​ സിപിഎം ഭയപ്പെടുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. കൊടകര, മുട്ടിൽ, സ്വർണക്കടത്ത്​ കേസുകൾ ഒത്തുതീർക്കുന്നതിനുള്ള ചർച്ചകളാണ്​ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *