കൊടി സുനിമാരേയും ആകാശ് തില്ലങ്കേരിമാരേയും സി.പി.എമ്മിന് പേടി: കെ.സുധാകരന്‍

തിരുവനന്തപുരം: കണ്ണൂരിലെ സ്വര്‍ണക്കടത്ത് പുതിയ സംഭവമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ടി.പി വക്കേസിനു ശേഷം ജയിലില്‍ പോയ കൊടി സുനിയും കിര്‍മ്മാണി മനോജും ജയിലില്‍ ഇരുന്നുകൊണ്ട് ക്വട്ടേഷന്‍ നടത്തുന്നു. കുറ്റം ചെയ്തവരെ ആരെയും സംരക്ഷിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ആരെയെങ്കിലും പുറത്താക്കാന്‍ തയ്യാറായോ? കൊടി സുനിക്കോ കിര്‍മ്മാണി മനോജിനോ എതിരെ നടപടി എടുക്കാന്‍ തയ്യാറാണോ? കൊടി സുനിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ? പറഞ്ഞാല്‍ മൂക്കുകൊണ്ട് ‘ക്ഷ’ വരയ്ക്കും. കണ്ണുര്‍ ജയിലില്‍ സൂപ്രണ്ട് കൊടിസുനിയാണ്. അദ്ദേഹത്തിന്റെ കീഴിലാണ് മറ്റ് ഉദ്യോഗസ്ഥര്‍. കൊടി സുനി പറയുന്നത് എതിര്‍ത്തുപറയാന്‍ അവിടെ ആരുമില്ല. കൊടി സുനിക്ക് എന്ത് ഭക്ഷണം നല്‍കണമെന്നും സെല്ലില്‍ ആര് കാവല്‍ നില്‍ക്കണമെന്നും നിശ്ചയിക്കുന്നത് കൊടി സുനി തന്നെയാണെന്നും സുധാകരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താന്‍ പാര്‍ട്ടിയിലില്ലെന്ന് ആകാശ് തില്ലങ്കേരി പറയുന്നു. അയാളെ പുറത്താക്കിയതാണെന്ന് ജയരാജന്‍ ‘ശ്വാസംമുട്ടി’ വന്ന് പറയുന്നു. എന്നാല്‍ സി.പി.എമ്മിന്റെ ജീവകാരുണ്യ പരിപാടിയില്‍ മുന്നില്‍ നില്‍ക്കുന്നത് ഈ ആകാശ് തില്ലങ്കേരിയാണെന്നും സുധാകരന്‍ പറഞ്ഞു.

ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ കാമുകിയുമായി സല്ലപിക്കാന്‍ പ്രത്യേക മുറിയും സൗകര്യവുമൊരുക്കി നല്‍കി. ഡി.വൈ.എഫ്.ഐ സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോള്‍ തനിക്ക് പ്രതികരിക്കേണ്ടി വരുമെന്ന് ആകാശ തില്ലങ്കേരി പറഞ്ഞു. അതോടെ പോയി കാലുപിടിച്ചില്ലേ? ദുഷിച്ചുനാറുന്ന ഒരുപാട് കഥകള്‍ അവര്‍ക്ക് പറയാനുണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഈ ചെറുപ്പക്കാരെ താന്‍ കുറ്റം പറയുന്നില്ല. അവര്‍ക്ക് റോള്‍ മോഡല്‍ പിണറായി വിജയനും ഇ.പി ജയരാജനും കോടിയേരി ബാലകൃഷ്ണനുമൊക്കെയാണ്. അവര്‍ക്ക് എങ്ങനെ പണം സമ്ബാദിക്കാമെന്ന് കാട്ടിക്കൊടുക്കുന്നത് ഇവരാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആശിര്‍വാദത്തോടെ സ്വര്‍ണവും ഡോളറും കടത്തിയില്ലേ? ഇങ്ങനെ അനധികൃതമായി പണം സമ്ബാദിച്ച്‌ കാണിച്ചുകൊടുത്തത് മുഖ്യമന്ത്രിയാണ്. അതുകൊണ്ട് ആ കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തൊഴിലാളി സര്‍വാധിപത്യം പോയി മുതലാളി സര്‍വാധിപത്യത്തിലാണ് നേതാക്കള്‍. തൊഴിലാളി വര്‍ഗത്തെ വഞ്ചിച്ച്‌ കോടാനുകോടികളുടെ ഉടമകളായി മാറുന്ന ഇവര്‍ക്ക് തൊഴിലാളി വര്‍ഗത്തെ കുറിച്ച്‌ സംസാരിക്കാന്‍ അവകാശമില്ല.

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് നല്‍കിയ ഷോകോസ് നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായി പറയുന്നുണ്ട്. 250ാം ഖണ്ഡികയിലാണ് ഇത്. ദുബായ് കോണ്‍സുല്‍ ജനറലിനെ മുഖ്യമ്രന്തി പ്രോട്ടോക്കോള്‍ ലംഘിച്ച്‌ മുഖ്യമന്ത്രിയുടെ വീട്ടില്‍ വച്ചും അദ്ദേഹത്തിന്റെ വീട്ടില്‍ പോയും പലയിടത്തും പോയി കണ്ടു. വിയറ്റ്‌നാമില്‍ കള്ളക്കടത്ത് നടത്തിയതിനു പിടിയിലായ കോണ്‍സുല്‍ ജനറലിനെ കേരളത്തിലേക്ക് സ്ഥലം മാറ്റിയതാണെന്നും സുധാകരന്‍ ആരോപിച്ചു. എന്തിനാണ് മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ച്‌ കോണ്‍സുല്‍ ജനറലിനെ കണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

കോവിഡ് വ്യാപനത്തിന് സംസ്ഥാനത്ത് കാര്യമായി കുറവ് വരാത്ത സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ നടത്തരുതെന്നും കെ.പി.സി.സി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. മനുഷ്യത്വത്തിന്റെ പേരിലെങ്കിലും പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇനിയുള്ള പരീക്ഷയെങ്കിലും മാറ്റിവയ്ക്കണം. പരീക്ഷ കേന്ദ്രങ്ങളില്‍ യാതൊരു നിയന്ത്രണമില്ല. അഞ്ചാം സെമസ്റ്റര്‍ ഫലം പ്രഖ്യാപിക്കാന്‍ പോലും സര്‍വകലാശാല തയ്യാറായിട്ടില്ല. അതിനിടെയാണ് ആറാം സെമസ്റ്റര്‍ പരീക്ഷ നടത്തുന്നത്. പരീക്ഷ നടത്തുന്നതില്‍ സര്‍ക്കാരിന് വാശിയാണ്. എന്തിനാണ്, ആരോടാണ് വാശി. ഇത് ഏകാധിപത്യ നിലപാടാണ്. കേരളത്തില്‍ മാത്രം കോവിഡ് കുറയുന്നില്ല. അതിനിടെയിലും പരീക്ഷ നടത്തുന്നത് ധിക്കാരമാണ്. കുട്ടികളെ പരീക്ഷയ്ക്കയക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed