കേരഗ്രാമം പദ്ധതിക്ക് തുടക്കം

പുത്തൂര്‍: പുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 250 ഹെക്റ്ററില്‍ നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. നാളികേരത്തിന്റെ ഉല്‍പാദന വര്‍ധനവിന് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കാനായി വിഭാവനം ചെയ്ത സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് കേരഗ്രാമം.

പുത്തൂര്‍ കൃഷിഭവന്‍ മുഖേനയാണ് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലായി 43,750 തെങ്ങുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്.

രോഗം ബാധിച്ചതും ഉല്‍പാദനം കുറഞ്ഞതുമായ തെങ്ങുകള്‍ വെട്ടിമാറ്റി ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ പദ്ധതിയുടെ ഭാഗമായി നടും. പമ്ബു സെറ്റുകള്‍, തെങ്ങ് കയറ്റ യന്ത്രങ്ങള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.

ജൈവവള ഉല്‍പാദന യൂണിറ്റ് സ്ഥാപിക്കുന്നതിന് സബ്സിഡി നല്‍കും. കേര സമിതിയുടെ പ്രവര്‍ത്തന ചെലവ്, തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിള കൃഷി, കേര കര്‍ഷകര്‍ക്ക് രാസവളം, ജൈവ വളം എന്നിവയ്ക്ക് ധനസഹായം നല്‍കും. കുമ്മായ വിതരണം, തടം തുറക്കല്‍, ഇടയിളക്കല്‍ തുടങ്ങി തെങ്ങ് കൃഷി പരിപോഷിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കും.

തേങ്ങ ഉല്‍പാദനം വര്‍ധിപ്പിച്ച്‌ കര്‍ഷകരുടെ വരുമാനം കൂട്ടുന്നതിനുള്ള പ്രവൃത്തികള്‍ കേരഗ്രാമം പദ്ധതി മുഖേന നടപ്പിലാക്കാന്‍ കഴിയും.

ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആര്‍ രവി, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് അശ്വതി സുനിഷ്,കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജഷി,ഒല്ലൂക്കര അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ പി സി സത്യവര്‍മ്മ, ജനപ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *