ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. കോവിഡ് ഡ്യൂട്ടിക്കിടയില്‍ ഡോ. രാഹുലിനെ മര്‍ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.

‘ഇതുപോലുള്ള സംഭവങ്ങളില്‍ അതിശക്തമായ നടപടിയുണ്ടാകും. പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞത്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ല. ഡോ.രാഹുലിന്റെ വിഷമം മനസിലാക്കുന്നുവെന്നും അദ്ദേഹത്തിനൊപ്പമാണുള്ളതെന്നും’ വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാരിന് ശക്തവും കൃത്യവുമായ നിലപാടുകളാണുള്ളതെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രി കോവിഡ് മഹാമാരി സമയത്ത് വലിയ കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *