ഫയല്‍ തീര്‍പ്പുകല്‍പ്പിക്കാതെ താമസിപ്പിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം:  അനാവശ്യമായി ഫയല്‍ തട്ടിക്കളിക്കരുതെന്നും രണ്ടോ, മൂന്നോ തട്ടില്‍ കൂടുതല്‍ ആവശ്യമില്ലെന്നും സര്‍കാര്‍ ജീവനക്കാരോടു മുഖ്യമന്ത്രി പിണറായി വിജയന്‍.

നികുതിപ്പണത്തിന്റെ ആനുകൂല്യം പറ്റുന്നവരല്ല, കൃത്യമായി ജോലി ചെയ്തിട്ടു ശമ്ബളം വാങ്ങുന്നവരാണെന്ന തോന്നല്‍ ജീവനക്കാരെക്കുറിച്ചു പൊതുവേയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നവകേരളവും സിവില്‍ സര്‍വീസും എന്ന വിഷയത്തില്‍ എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച വെബിനാറിലാണു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍.

ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളാണു സര്‍കാര്‍ സംവിധാനത്തിന്റെ യജമാനന്‍മാര്‍. ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണം. ഫയല്‍നീക്കത്തിലെ നൂലാമാലകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. മനഃപൂര്‍വം നൂലാമാല സൃഷ്ടിച്ചു ഫയല്‍ താമസിപ്പിക്കുന്ന മനോഭാവം പൂര്‍ണമായി അവസാനിച്ചുവെന്നു പറയാനാകില്ല. വേണ്ടതു പൂര്‍ണമായ അന്ത്യമാണ്. ജനങ്ങളോടു മാത്രമല്ല, സഹപ്രവര്‍ത്തകരായ ജീവനക്കാരോടു പോലും ഇത്തരം മനോഭാവം സ്വീകരിക്കുന്നവരുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഫയല്‍നീക്കത്തിന്റെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ കൂടി വരുത്തും. നിസാര കാര്യങ്ങള്‍ പറഞ്ഞു ജീവനക്കാരുടെ പ്രമോഷനും ആനുകൂല്യവും തടഞ്ഞുവയ്ക്കുന്ന പ്രവണത ചിലയിടത്തുണ്ട്. ഇഷ്ടക്കാര്‍ക്കു വേണ്ടി മാസങ്ങളോളം സീറ്റ് ഒഴിച്ചിടുകയാണു ചിലര്‍. പ്രധാനപ്പെട്ട സീറ്റ് നല്‍കാന്‍ പാരിതോഷികമടക്കം തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരുണ്ട്. പുരോഗമനമുള്ള ഈ നാടിന് യോജിക്കാത്ത ചില നടപടികള്‍ ചില ഓഫിസുകള്‍ കേന്ദ്രീകരിച്ചു നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൗകര്യപ്രദമായ സീറ്റും സൗകര്യപ്രദമായ ഓഫിസും ചിലര്‍ക്കു മാത്രം വിധിക്കപ്പെട്ടതാണ് എന്ന നിലയുണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍കാരിന്റെ കാലത്ത് അഴിമതി വലിയ അളവോളം ഇല്ലാതാക്കാനായി. എന്നാല്‍ ചെറിയൊരു ന്യൂനപക്ഷം ഇപ്പോഴും സിവില്‍ സര്‍വീസ് മേഖലയുടെ ശോഭ കെടുത്തുന്നു.

ചിലര്‍ എന്തു വന്നാലും മാറില്ല എന്ന മനോഭാവമുള്ളവരാണ്. അഴിമതിയെന്നത് അവിഹിതമായി പണം കൈപറ്റല്‍ മാത്രമല്ല. സര്‍കാര്‍ ഫണ്ട് ചോര്‍ന്നു പോകുന്നതിലും അനര്‍ഹമായ ഇടങ്ങളില്‍ എത്തിച്ചേരുന്നതിനും മൂകസാക്ഷികളായി നില്‍ക്കുന്നതും അഴിമതിയാണ്. പദ്ധതികള്‍ക്കായി വകയിരുത്തുന്ന ഫണ്ട് ആ പദ്ധതിക്കായി മാത്രം ചെലവഴിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതു ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ചില ഓഫിസുകളില്‍ ഏജന്റ് സംവിധാനമുണ്ടായിരുന്നു. അത് അവസാനിപ്പിക്കാനായി. എന്നാല്‍ പൂര്‍ണമായോ എന്നു സ്വയംവിമര്‍ശനപരമായി പരിശോധിക്കണം. ജീവനക്കാര്‍ക്കും പൊതുജനത്തിനുമിടയില്‍ എന്തിനാണു മൂന്നാമതൊരാള്‍ എന്നും അദ്ദേഹം ചോദിച്ചു.

സര്‍കാര്‍ ഓഫിസ് ജനത്തിനു വേണ്ടിയുള്ളതാണ്. ആ ചിന്ത എല്ലാ ജീവനക്കാരനിലുമുണ്ടാകണം. ഓഫിസിലെത്തുന്നവരോടു മാന്യമായി പെരുമാറണം. ആവശ്യം ക്ഷമയോടെ കേട്ടു മനസിലാക്കണം. ഓഫിസ് മാത്രമല്ല, ജീവനക്കാരാകെ സ്മാര്‍ടാകണം. ഓഫിസില്‍ കൃത്യനിഷ്ഠ പ്രധാനമാണ്. നിശ്ചയിക്കപ്പെട്ട പ്രവര്‍ത്തി സമയം പൂര്‍ണമായി സീറ്റിലുണ്ടാകണം.

കൃത്യനിഷ്ഠ ഉറപ്പാക്കാന്‍ ബയോ മെട്രിക് പഞ്ചിങ് സംവിധാനം കൂടുതല്‍ ഓഫിസിലേക്കു വ്യാപിപ്പിക്കും. പഞ്ച് ചെയ്തശേഷം ജീവനക്കാര്‍ ഓഫിസില്‍ തന്നെയുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതു മേലുദ്യോഗസ്ഥരാണ്. അവര്‍ കാര്യക്ഷമമായി അതു ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *