ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി : സാഹചര്യമായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ യോഗം  പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി .

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉചിതമായ സമയത്ത് പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ സാഹചര്യമായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിനു മുന്നോടിയായി പുതിയ കേന്ദ്രഭരണ പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയ ചര്‍ച്ചയ്ക്കാണു യോഗം വിളിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാന‍ പദവി പുനഃസ്ഥാപിക്കുന്ന വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യാമെങ്കിലും മറ്റ് നടപടികള്‍ക്ക് പാര്‍ലമെന്റിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ഭരണഘടനയുടെ 370-ാം വകുപ്പുപ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ എട്ടു രാഷ്ട്രീയ പാര്‍ട്ടികളിലെ 14 നേതാക്കലാണ് ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും റദ്ദാക്കിയശേഷം കശ്മീര്‍ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്. 2019 ഓഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിനെ വിഭജിച്ച്‌, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *