നടന്‍ സുകുമാരന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 24 വര്‍ഷം

കൃഷ്ണന്‍ ചേലേമ്പ്ര


ഴുപതുകളിലും എണ്‍പതിന്റെ മധ്യം വരെയും മലയാള സിനിമയില്‍ ക്ഷുഭിത യൗവനത്തിന്റെ ആള്‍രൂപമായി നിറഞ്ഞുനിന്നിരുന്ന നടന്‍ സുകുമാരന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 24 വര്‍ഷം.

വിധി വിപരീതമാവാം സുകുമാരന്റെ മരണവും യൗവനത്തിന്റെ അവസാനമായിരുന്നു. 49ആം വയസ്സില്‍. അദ്ദേഹത്തിന്റെ രണ്ടു സഹോദരന്‍മാരും സഹോദരിയും മരിച്ചത് ഏതാണ്ട് അതേപ്രായത്തിലായിരുന്നു എന്നതാണ് ഏറെ വൈപരീത്യം.

1978 മാര്‍ച്ച് മാസത്തിലാണ് കട്ട് കട്ട് നു വേണ്ടി അഭിമുഖം എടുക്കാന്‍ എറണാകുളം ദ്വാരക ടൂറിസ്റ്റ് ഹോമില്‍ ചെല്ലുന്നത്. കതകില്‍ തട്ടിയപ്പോള്‍ അകത്തു നിന്ന് ചോദ്യം വന്നു ‘ ബോയ് ആണോ ‘
‘അല്ല ഇന്നലെ പറഞ്ഞാരുന്നു കട്ട് കട്ട് ”ശരി കയറി ഇരി ലോക്ക് ചെയ്തിട്ടില്ല ‘അതാണ് സുകുമാരന്‍. മുറി കുറ്റിയിടാതെ കുളിക്കാന്‍ കയറിയിരിക്കുന്നു. എല്ലാം ലാഘവത്തോടെ എടുക്കുന്ന സ്വഭാവം.
പത്തു മിനുട്ടില്‍ കുളികഴിഞ്ഞെത്തി. പരിചയപ്പെട്ടു. ചായക്കു പറഞ്ഞു. ചായകോപ്പക്ക് ഇരുവശവും ഇരുന്ന് സംഭാഷണം തുടങ്ങി.

കട്ട് കട്ട് നു വേണ്ടത് ഏറെ കോളിളക്കം സൃഷ്ടിച്ച സുകുമാരന്‍ മല്ലിക വിവാഹത്തെ കുറിച്ചായിരുന്നു. ഒട്ടും മറവില്ലാതെ സവിസ്തരം അദ്ദേഹം പറഞ്ഞു. ജഗതി ശ്രീകുമാറിനൊപ്പം തിരുവനന്തപുരത്തുനിന്ന് ഒളിച്ചോടി മദ്രാസില്‍ എത്തിയതായിരുന്നു മല്ലിക. പ്രശസ്തനായ ജഗതി എന്‍. കെ. ആചാരിയുടെ മകന് പെണ്ണ് കൊടുക്കാന്‍ ഹരിപ്പാട്ടെ പിള്ള വംശത്തില്‍പെട്ട മല്ലികയുടെ കുടുംബക്കാര്‍ക്ക് താല്പര്യം ഇല്ലായിരുന്നു. അങ്ങനെയാണ് ഒളിച്ചോട്ടം.

ശ്രീകുമാറും മല്ലികയും കലാപ്രതിഭകളായിരുന്നതിനാല്‍ സിനിമയില്‍ അവസരം തേടിയാണ് മദ്രാസിലെത്തിയത്. അച്ഛന്‍ ആകാശവാണി ഉദ്യോഗസ്ഥനായി മദ്രാസില്‍ സേവനമനുഷ്ഠിച്ചതിന്റെ പിന്‍ബലം ഉണ്ടായിരുന്നു ജഗതിക്ക്. എന്നാല്‍ ചില നിസ്സാര വേഷങ്ങളല്ലാതെ കാര്യമായ അവസരം ഒന്നും കമിതാക്കള്‍ക്ക് ലഭിച്ചില്ല. ഇതിനിടെ അവരുടെ ബന്ധത്തില്‍ ചില വിള്ളലുകള്‍ വീണു. പലപ്പോഴും മല്ലികക്കു ദേഹോപദ്രവം സഹിക്കേണ്ടി വന്നു.

ആയവസരത്തിലാണ് എം. ടി യുടെ നിര്‍മാല്യത്തില്‍ ക്ഷുഭിത യൗവനക്കാരനായ ചെറുപ്പക്കാരന്റെ റോളില്‍ സുകുമാരന്‍ അഭിനന്ദനയിക്കാനെത്തുന്നതു. നാഗര്‍കോവിലില്‍ നിന്ന് കോളേജ് ലക്ചറര്‍ ജോലി രാജി വച്ചാണ് സുകുമാരന്‍ അഭിനയഭ്രാന്തുമായി വരുന്നത്. മല്ലികയുടെ കൂട്ടുകാരിയുടെ സഹോദരന്‍ എന്ന നിലയില്‍ അവര്‍ അടുത്തിട പഴകി. വിവരങ്ങള്‍ അറിഞ്ഞ സുകുമാരന്‍ വീട്ടിലേക്കു പോയി അച്ഛനെ കണ്ട് മാപ്പ് പറയാനാണ് നിര്‍ദേശിച്ചത്.
അതിനിടയില്‍ മല്ലികയ്ക്ക് ഐ. വി. ശശിയുടെ :’അവളുടെ രാവുകള്‍ ‘എന്ന ചിത്രത്തില്‍ സീമയുടെ ബാല്യകാലത്തെ അമ്മയുടെ വേഷം കിട്ടി. ഒരു പാട്ടുസീനുമുണ്ടായിരുന്ന ആ ചിത്രം മല്ലികക്ക് ഒരു ബ്രേക്ക് ആയി. സുകുമാരനുമായുള്ള ബന്ധം ജഗതി തന്നെ പരസ്യമായി പറയാന്‍ തുടങ്ങി. സീമക്ക് വേണ്ടി രാവുകളില്‍ ഡബ് ചെയ്തതും മല്ലികയായിരുന്നു (അന്നു സീമയുടെ ശബ്ദം അവരുടെ സൗന്ദര്യത്തിനു നിരക്കാത്തതായിരുന്നു എന്നത് മറ്റൊരു രഹസ്യം ) ഏതായാലും സുകുമാരന്‍ ഔപചാരികമായി തന്നെ മല്ലികയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു വിവാഹം ഉറപ്പിച്ചു. അതു വരെ അഭിനയിച്ച 12 ചിത്രങ്ങളും പരാജയമായതിനെ തുടര്‍ന്ന് വിദേശത്തേക്ക്
കടക്കാനുള്ള ശ്രമത്തിലായിരുന്ന സുകുമാരന്‍ യാത്ര വേണ്ടെന്ന് വച്ചു. ഭാഗ്യത്തിനു സുരാസു തിരക്കഥ എഴുതിയ ‘ശംഖു പുഷ്പം ‘ സുകുമാരനു ബ്രേക്ക് ആയി.

നസീര്‍, സോമന്‍, ജയന്‍ എന്നിവരുമൊത്തു അഭിനയിക്കുമ്പോഴും തന്റേതായ ഒരു ശൈലി വച്ചു പുലര്‍ത്താന്‍ സുകുമാരന്‍ ശ്രദ്ധിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ എടപ്പാളില്‍ പൊന്നന്‍കുഴി വീട്ടില്‍ പരമേശ്വരന്‍ നായരുടെയും സുഭദ്രാമ്മയുടെയും മകനായി 1948 ജൂണ്‍ 10നായിരുന്നു ജനനം. സ്വര്‍ണമെഡലോടെ എം എ. വിജയിച്ചു.

മൂന്നാറിലെ വേനല്‍ക്കാല വസതിയില്‍ വച്ചു ഹൃദയാഘാതമുണ്ടായ നടനെ എറണാകുളം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടാം ദിനം അദ്ദേഹം വിട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *