‘ഏക ഭൂമി, ഏക ആരോ​ഗ്യം’ എന്ന ആപ്തവാ​ക്യം ഉയര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആ​ഗോള ആരോ​ഗ്യപരിരക്ഷക്ക് വേണ്ടിയുള്ള ലോക രാഷ്ട്രങ്ങളുടെ കൂട്ടായ പ്രയത്നത്തിന് പിന്തുണ അറിയിച്ച്‌ പ്രധാനമന്ത്രി.

ഭാവി പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കാനും ലോകത്തെ തിരികെ പൂര്‍ണ ആരോ​ഗ്യ​ത്തില്‍ പുനര്‍നിര്‍മിക്കാനും ആഹ്വാനമിട്ടുള്ള ഉച്ചക്കോടിയില്‍ ‘ഏക ഭൂമി, ഏക ആരോ​ഗ്യം’ എന്ന ആപ്തവാ​ക്യം മോദി ഉയര്‍ത്തി.

രണ്ടാം കോവിഡ് തരം​ഗത്തില്‍ ഇന്ത്യക്ക് സഹായം നല്‍കിയ രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി കൃതജ്ഞത രേഖപ്പെടുത്തി. കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തില്‍, വിഭവ ദൗര്‍ലഭ്യം മൂലം വലിയ പ്രതിസന്ധിയാണ് രാജ്യത്ത് ഉണ്ടായത്. ജനുവരി മുതല്‍ മെയ് മാസം വരെ മാത്രം രണ്ട് ലക്ഷത്തിലധികം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇക്കാലയളവില്‍ അടിയന്തര മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജന്‍ സിലിണ്ടറുകളും ഉള്‍പ്പടെയുള്ളവ വിവിധ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുകയായിരുന്നു.

കോവിഡ് മഹാമാരിയെ ഇന്ത്യന്‍ ജനത ഒന്നായി നേരിടുകയായിരുന്നുവെന്ന് മോദി ഉച്ചകോടിയില്‍ പറഞ്ഞു. സര്‍ക്കാര്‍ – വ്യവസായ – പൊതു സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതര വികസ്വര രാജ്യങ്ങളുമായി ഇന്ത്യയുടെ വൈദ​ഗ്ധ്യവും അനുഭവസമ്ബത്തും പങ്കുവെക്കാന്‍ തയ്യാറാണെന്നും മോദി ഉച്ചകോടിയില്‍ പറഞ്ഞു. ജി 7 ഉച്ചകോടിയുടെ ആദ്യ സെഷനിലെ വെര്‍ച്വല്‍ യോ​ഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജി 7 ഉച്ചകോടിയുടെ അവസാന ദിവസമായ നാളെ നടക്കുന്ന രണ്ട് സെഷനുകളിലും പ്രധാനമന്ത്രി സംബന്ധിക്കും. ലോകത്തെ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് ജി 7. ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് പുറമെ ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും പ്രത്യേക ക്ഷണിതാക്കളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *