തിരുവനന്തപുരത്ത്‌ 10 പഞ്ചായത്തുകള്‍കൂടി ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ പത്തു പഞ്ചായത്തുകളെക്കൂടി ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലാണ്. ഈ പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു.

അതിയന്നൂര്‍, ചെറുന്നിയൂര്‍, കടയ്ക്കാവൂര്‍, മണമ്ബൂര്‍, പനവൂര്‍, പെരുങ്കടവിള, പോത്തന്‍കോട്, വാമനപുരം, വെള്ളറട, വിളപ്പില്‍ പഞ്ചായത്തുകളെയാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. അഴൂര്‍, ഇടവ, കഠിനംകുളം, കല്ലിയൂര്‍, കാരോട്, കിഴുവിലം, ഒറ്റശേഖരമംഗലം, വെങ്ങാനൂര്‍, വെട്ടൂര്‍, അഞ്ചുതെങ്ങ്, ബാലരാമപുരം, കുളത്തൂര്‍, പൂവാര്‍, ചെമ്മരുതി, ഒറ്റൂര്‍, ആര്യങ്കോട്, കാഞ്ഞിരംകുളം, പള്ളിച്ചല്‍, കൊല്ലയില്‍, ചെങ്കല്‍ പഞ്ചായത്തുകളെ നേരത്തേ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു.

ഇവിടങ്ങളില്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണം. പലചരക്ക്, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പാല്‍, മുട്ട, മാസം, മത്സ്യം, മൃഗങ്ങള്‍ക്കു കന്നുകാലികള്‍ക്കുമുള്ള ഭക്ഷണം വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ 7.30 വരെ തുറക്കാം. പാല്‍, പത്ര വിതരണം രാവിലെ എട്ടിനു മുന്‍പു പൂര്‍ത്തിയാക്കണം. റേഷന്‍കടകള്‍, മാവേലി സ്റ്റോറുകള്‍ സപ്ലൈകോ സ്റ്റോറുകള്‍ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം.

റസ്റ്ററന്റുകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. മുകളില്‍പ്പറഞ്ഞവയല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചിടും. ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ രണ്ടു വരെ ഡെലിവറിക്കായി പ്രവര്‍ത്തിക്കാം. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിനുള്ളിലേക്കും പുറത്തേക്കുമുള്ള സഞ്ചാരം പൊലീസ് നിയന്ത്രിക്കും. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിനുള്ളില്‍ ചന്തകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. രോഗവ്യാപനം കുറയുന്നതിനുവേണ്ടി ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോടു സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു താഴെയായ ആനാട്, അരുവിക്കര, കോട്ടുകാല്‍, നഗരൂര്‍, വിളവൂര്‍ക്കല്‍, കരുംകുളം, ഉഴമലയ്ക്കല്‍, മലയിന്‍കീഴ്, മടവൂര്‍ പഞ്ചായത്തുകളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇവ ഇനി കണ്ടെയ്ന്‍മെന്റ് സോണുകളായിരിക്കും.

ഇവയ്ക്കു പുറമേ ചെറുന്നിയൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ്, വിളപ്പില്‍ പഞ്ചായത്ത് 20-ാം വാര്‍ഡ്, കടയ്ക്കാവൂര്‍ പഞ്ചായത്തില്‍ ഒന്ന്, ഒമ്ബത്, 10, 11 വാര്‍ഡുകള്‍, പള്ളിക്കല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ്, അഞ്ചുതെങ്ങ് പഞ്ചായത്ത് ഒന്നാം വാര്‍ഡ് എന്നിവിടങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. നെല്ലനാട് പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ വെഞ്ഞാറമ്മൂട് ബില്‍ടെക് അസോസിയേറ്റഡ് ഗോകുലം മെഡിക്കല്‍ കോളജ് പ്രദേശം മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും പ്രഖ്യാപിച്ചതായി കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *