പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകും: കെ. സുധാകരന്‍

കണ്ണൂര്‍: പാര്‍ട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പൂര്‍ണമായും നിറവേറ്റുമെന്ന് നിയുക്ത കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.

പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകും. പാര്‍ട്ടിയെ അധികാരത്തില്‍ തിരികെയെത്തിക്കും. കാലോചിതമായ എല്ലാ തീരുമാനങ്ങളും ഉള്‍ക്കൊള്ളുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. വളരെ സന്തോഷത്തോടെയും ഉത്തരവാദിത്തബോധത്തോടെയുമാണ് ഹൈകമാന്‍ഡിന്‍റെ നിര്‍ദേശം സ്വീകരിച്ചത്. പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ദൗത്യം സത്യസന്ധമായി നിര്‍വഹിക്കും.

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അവയെല്ലാം മാറ്റി, എല്ലാ നേതാക്കന്മാരെയും ഒരുമിച്ച്‌ കൊണ്ടുവരും. എല്ലാ നേതാക്കന്മാരെയും കണ്ട് സംസാരിക്കും. കോണ്‍ഗ്രസ് തിരിച്ചു വരുമെന്നതില്‍ യാതൊരു സംശയവുമില്ല.

ഗ്രൂപ്പിനെക്കാള്‍ പ്രാധാന്യവും പ്രാമുഖ്യവും കര്‍മശേഷിക്കും കഴിവിനുമായിരിക്കും. അര്‍പ്പണബോധവും കഴിവുമുള്ള നേതാക്കളെ കണ്ടെത്തി നേതൃസ്ഥാനത്ത് കൊണ്ടുവരും. പാര്‍ട്ടിയും സംഘടനയുമാണ് ആവശ്യം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകണം -സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *