മാര്‍ച്ച്‌ 20ന് ശേഷം അനാഥരായ കുട്ടികളെ സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണം: സുപ്രീംകോടതി

ന്യൂഡല്‍ഹി:  കോവിഡ്‌ കാരണം മാര്‍ച്ച്‌ 20ന് ശേഷം അനാഥരായ കുട്ടികളെ സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണമെന്നു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച്‌ സുപ്രീംകോടതി.

ചൈല്‍ഡ് ലൈന്‍, ആരോഗ്യവകുപ്പ്, പൊലീസ്, പഞ്ചായത്തീ രാജ് സ്ഥാപനങ്ങള്‍ എന്നിവയെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം. വിവരങ്ങള്‍ ദേശിയ ബാലാവകാശ കമ്മീഷന്റെ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. അനാഥരായ കുട്ടികളെ കണ്ടെത്തിയാല്‍ ജില്ലാ ബാലസംരക്ഷണ യൂണിറ്റുകള്‍ ഉടന്‍ കുട്ടികളുമായും രക്ഷിതാവുമായും ആശയവിനിമയം നടത്തണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു.

റേഷന്‍, ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവ കുട്ടികള്‍ക്ക് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ജില്ലാ ബാലസംരക്ഷണ യൂണിറ്റുകള്‍ക്കാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളിലെ സാമ്ബത്തിക സഹായം കുട്ടികള്‍ക്ക് കൈമാറണം. കുട്ടിയുടെ കാര്യം നോക്കാന്‍ രക്ഷിതാവ് പര്യാപ്തമല്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ ശിശു സംരക്ഷണ സമിതിയിലേക്ക് മാറ്റണമെന്നും സുപരീം കോടതി നിര്‍ദേശിച്ചു.

കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കി.

നിയമവിരുദ്ധ ദത്തെടുക്കലിന് കൂട്ടുനില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപെടിയെടുക്കാനും സംസ്ഥാനങ്ങളോട് സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഇടക്കാല നിര്‍ദേശങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *