സാമൂഹ്യസുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന ചികിത്സാ സഹായത്തിന് 31.68 കോടി അനുവദിച്ചു

തിരുവനന്തപുരം; സാമൂഹ്യസുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന വിവിധ ചികിത്സാസഹായ പദ്ധതികൾക്ക് 31.68 കോടി രൂപ അനുവദിച്ച്‌ സാമൂഹ്യനീതി വകുപ്പ്‌ ഉത്തരവിറക്കിയതായി സാമൂഹിക നീതി, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

വിവിധ രോ​ഗങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകി വന്നിരുന്ന ‘സമാശ്വാസം’, ‘ശ്രുതിതരംഗം’, ‘താലോലം’,’മിഠായി’,ക്യാൻസർ സുരക്ഷാ, വയോമിത്ര എന്നീ പദ്ധതികൾക്കാണ് തുക അനുവദിച്ചത്. കഴിഞ്ഞ സർക്കാർ തുടങ്ങിവെച്ച ചികിത്സാ പദ്ധതികളുടെ തുടർച്ചയായാണ് തുക അനുവദിച്ചത്.

വൃക്ക തകരാർ കാരണം സ്ഥിരമായി ഡയാലിസിസ്‌ വേണ്ടിവരുന്ന ബിപിഎൽ വിഭാഗത്തിലുള്ളവർ, വൃക്ക, കരൾ മാറ്റിവയ്ക്കലിനു വിധേയരാകുന്ന ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർ, ഹീമോഫീലിയ ബാധിതർ, ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള അരിവാൾ രോഗബാധിതർ എന്നിവർക്കുള്ള ‘സമാശ്വാസം’ പദ്ധതിക്ക്‌ അഞ്ചു കോടി രൂപയും, അഞ്ച്‌ വയസ്സ്‌ വരെയുള്ള മൂകരും ബധിതരുമായ കുട്ടികൾക്ക്‌ സംസാര, കേൾവിശക്തി ലഭ്യമാക്കാനുള്ള ‘ശ്രുതിതരംഗം’ പദ്ധതിക്ക്‌ എട്ട്‌ കോടി രൂപയും, 18 വയസ്സ്‌ വരെയുള്ള മാരക രോഗബാധിതരായ കുട്ടികൾക്ക്‌ സൗജന്യചികിത്സ നൽകുന്ന ‘താലോലം’ പദ്ധതിക്കായി രണ്ടു കോടി രൂപയും, ടൈപ് വൺ പ്രമേഹബാധിതരായ കുട്ടികൾക്കുള്ള ‘മിഠായി’ പദ്ധതിക്ക്‌ 3.80 കോടി രൂപയും, 18 വയസ്സ്‌ വരെയുള്ള ബിപിഎൽ കുടുംബാംഗമായ കുട്ടികൾക്ക്‌ സൗജന്യ ക്യാൻസർ ചികിത്സ നൽകുന്ന ക്യാൻസർ സുരക്ഷാ പദ്ധതിക്കായി മൂന്നു കോടി രൂപയും, വയോജനങ്ങളുടെ ആരോഗ്യ, മാനസിക പരിരക്ഷ ഉറപ്പാക്കാനുള്ള ‘വയോമിത്ര’ത്തിന്‌ 9.88 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്. വയോമിത്രം പദ്ധതി വഴി 65 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യ പരിപാലനത്തിന്‌ നഗര പ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്, പാലിയേറ്റീവ്‌ കെയർ, ആംബുലൻസ്‌, ഹെൽപ്പ്‌ ഡെസ്‌ക്‌ സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *