കുട്ടികളിലെ കോവിഡ് ചികിത്സ്‌ക്ക് എസ്.എ.റ്റിയെ നോഡൽ ആശുപത്രിയാക്കും

തിരുവനന്തപുരം: എസ്.എ.റ്റി. ആശുപത്രിയെ കുട്ടികളുടെ കോവിഡ് ചികിത്സയ്ക്കുള്ള ജില്ലയിലെ നോഡൽ ആശുപത്രിയാക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.

കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണിത്. ഇതിന്റെ ഭാഗമായി ഇവിടെ 50 കിടക്കകളുടെ പിഡീയാട്രിക് തീവ്രപരിചരണ സംവിധാനം സജ്ജമാക്കും.

തീവ്രപരിചരണ വിഭാഗത്തിൽ കുട്ടികൾക്കായി 40ഉം നവജാത ശിശുക്കൾക്കായി 10ഉം കിടക്കകൾ സജ്ജമാക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിയിലേക്കുള്ള ഓക്‌സിജൻ ലഭ്യത വർധിപ്പിക്കും. തടസമില്ലാതെ ഓക്‌സിജൻ വിതരണം ഉറപ്പാക്കുന്നതിന് ലിക്വിഡ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കുട്ടികൾക്കായുള്ള വെന്റിലേറ്റർ സംവിധാനം, ആവശ്യത്തിനു ജീവനക്കാരുടെ വിന്യാസം തുടങ്ങിയവയും സമയബന്ധിതമായി സജ്ജമാക്കും.

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയെ റഫറൽ ആശുപത്രിയാക്കി സജ്ജമാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നു കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *