കാപട്യം ഒളിപ്പിച്ച ബജറ്റെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നീതിപുലര്‍ത്താത്ത, കാപട്യം ഒളിപ്പിച്ച ബജറ്റാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രസംഗവും ഒരുപോലെയാണ്. സര്‍ക്കാരിന് സ്ഥലജല വിഭ്രാന്തിയായി. പുത്തരിക്കണ്ടം മൈതാനത്ത് പ്രസംഗിക്കേണ്ടതാണ് ബജറ്റില്‍ പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ബജറ്റില്‍ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ല. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട അധിക ചെലവ് 1715 കോടി എന്നാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നത്. പക്ഷേ 20,000 കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. അതിന്റെ എസ്റ്റിമേറ്റ് എവിടെയാണ്.

കഴിഞ്ഞ ഉത്തേജക പാക്കേജിലെ 20,000 കോടി പി.ഡബ്ല്യുഡി കരാര്‍ കുടിശികയും പെന്‍ഷന്‍ കുടിശികയും കൊടുക്കാന്‍ ഉപയോഗിച്ചു. ഇത് ജനങ്ങളെ കബളിപ്പിക്കുന്നതാണ്. 21,715 കോടിയായിരുന്നു ശരിക്കും അധിക ചെലവ് ആയി കാണിക്കേണ്ടത് വറന്യൂ കമ്മി 36,910 കോടി കടന്നേനെ. കാരണം പുതിയ വിഭവ സമാഹരണമോ നികുതി നിര്‍ദേശമോ ഇല്ല.

കോവിഡിന്റെ മൂന്നാം വരവിനെ നേരിടാനുള്ള തയ്യാറെടുപ്പ് വേണമെന്ന പ്രതിപക്ഷ ആലോചന സ്വീകരിച്ചതില്‍ സന്തോഷം. എം.എല്‍.എമാരുടെ വികസന ഫണ്ടില്‍ നിന്ന് പണം സ്വീകരിക്കുന്നതിനെയും സ്വാഗതം ചെയ്യുന്നു.

കോവിഡ് മൂലം ഉപജീവനം പ്രയാസപ്പെടുന്നവര്‍ക്ക് നേരിട്ട് 8900 കോടി പണം കൊടുക്കണമെന്ന പ്രതിപക്ഷ നിര്‍ദേശവും സ്വീകരിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചു. ബജറ്റില്‍ പറയുന്നുവെങ്കിലും പെന്‍ഷനും മറ്റും കൊടുക്കാനാണെന്ന് ധനമന്ത്രി അത് പിന്നീട് തിരുത്തിപറഞ്ഞു. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്.

നേരിട്ട് പണം കൊടുക്കണമെന്നത് നയപ്രഖ്യാപന ചര്‍ച്ചയുടെ വേളയില്‍ പ്രതിപക്ഷം മുന്നോട്ടുവച്ചതാണ്. നേരിട്ട് പണം കൊടുക്കുമ്ബോള്‍ അത് വിപണിയെ ഉത്തേജിപ്പിക്കും.

ഖജനാവില്‍ 5000 കോടി രൂപ ബാക്കിവച്ചുവെന്ന് കഴിഞ്ഞ ധനമന്ത്രി പറഞ്ഞ തുക എവിടെ? 18,000 കോടി രൂപ അധികമായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞിരുന്നു. ഇതു രണ്ടും ചേര്‍ത്തുള്ള 23,000 കോടിയുടെ എസ്റ്റിമേറ്റ് എവിടെ? ചുരുക്കത്തില്‍ നീതി പുലര്‍ത്താത്ത, കാപട്യം ഒളിപ്പിച്ചുവയ്ക്കുന്ന ബജറ്റാണിതെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

ജനം പ്രതീക്ഷിക്കുന്ന ഒന്നും ബജറ്റിലില്ലെന്ന് പി.കെകുഞ്ഞാലിക്കുട്ടിയും വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *