കോവിഡ് രണ്ടാം തരംഗം നേരിടാന്‍ 20,000 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: ബജറ്റ് വായനയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായ ധനമന്ത്രി ബാലഗോപാലിന്റെ കന്നി ബജറ്റിലും കോവിഡ് പ്രതിരോധത്തിന് മുന്‍ഗണന.

കോവിഡിന്റെ രണ്ടാം തരംഗം നേരിടാന്‍ 20,000 കോടി രൂപ ബജറ്റില്‍ അനുവദിക്കുന്നതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഒന്നാം പാക്കേജില്‍ അനുവദിച്ചതിന്റെ ഇരട്ടിയിലധികം ചെലവാക്കിയെന്ന് മന്ത്രി അറിയിച്ചു.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടാന്‍ 2800 രൂപ നീക്കിവയ്ക്കും. പ്രതിസന്ധിയ്ക്കിടെ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ 8900 കോടി മാറ്റിവച്ചു. 2800 കോടി പലിശ ഇനത്തിലും നീക്കിവച്ചു.

കോവിഡ് മൂന്നാം തരംഗം ആശങ്ക സൃഷ്ടിക്കുന്നു. അതിനെ നേരിടാന്‍ ആറിന പദ്ധതികള്‍ തയ്യാറാക്കും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ഐസോലേഷന്‍ ബെഡുകള്‍. ഇതിനുള്ള ഫണ്ട് എം.എല്‍.എമാരുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും കണ്ടെത്തും. മെഡിക്കല്‍ കോളജുകളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ക്ക് 10 കോടി. കുട്ടികളുടെ ഐസോലേഷന്‍ വാര്‍ഡിന് 25 ലക്ഷം. 150 ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റും സംഭരണശാലയും സ്ഥാപിക്കാന്‍ 10 ലക്ഷം രൂപ. സാംക്രമിക രോഗങ്ങളെ കുറിച്ചുള്ള പഠനത്തിന് 50 ലക്ഷം രൂപ, വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റിന് 50 കോടി എന്നിങ്ങനെ തുക മാറ്റിവച്ചു.

സൗജന്യ വാക്‌സിന്‍-18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കം സൗജന്യ വാക്‌സിന് 1,000 കോടിയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങാന്‍ 500 കോടിയും ചെലവഴിക്കും.

കേന്ദ്രത്തിന്റെ വാക്‌സീന്‍ നയത്തിന് വിമര്‍ശനവും ബജറ്റിലുണ്ടായി. വാക്‌സീന്‍ നയം േകാര്‍പറേറ്റ് കൊള്ളയ്ക്ക് ഇടയാക്കി എന്നും ബജറ്റില്‍ വിമര്‍ശിക്കുന്നു.

കോവിഡ് കാലത്ത് പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിര്‍ദേശങ്ങള്‍ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *