ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ് തീരുമാനം

കൊച്ചി : ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ് ഏകോപന സമിതി തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചു ചൊവ്വാഴ്ച ശബരിമലയില്‍ പ്രവേശിക്കാനാണു തീരുമാനം. മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭം ശക്തമാക്കും. 22 നു സെക്രട്ടറിയേറ്റിനു മുന്നില്‍ കൂട്ടധര്‍ണ സംഘടിപ്പിക്കും. നിയമസഭയിലും വിഷയം ഉന്നയിക്കും.

ചൊവ്വാഴ്ച രാവിലെ 9 നു പത്തനംതിട്ട ടിബിയില്‍ സംഗമിച്ചശേഷം അവിടെ നിന്നു യുഡിഎഫ് സംഘം ശബരിമലയിലേക്കു പോകുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഏകോപന സമിതി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഭക്തജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിക്കും ആര്‍എസ്എസിനും സര്‍ക്കാര്‍ ചുവന്ന പരവതാനി വിരിക്കുകയാണ്. പക്ഷേ, കേരളത്തിലെ മതനിരപേക്ഷ വിശ്വാസികള്‍ ബിജെപിക്കൊപ്പം പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *