രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്.

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പൊതുമേഖല എണ്ണ കമ്ബനികള്‍ വീണ്ടും ഇന്ധനവില വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 31 പൈസയും ഡീസലിന് 88 രൂപ 60 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസയും,ഡീസലിന് 90 രൂപ 36 പൈസയുമായി.

മെയ് മാസം 12 തവണയാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍വില കൂട്ടിയത്. മെയ് മാസത്തില്‍ മാത്രം പെട്രോളിന് ലിറ്ററിന് 3.24 രൂപയും ഡീസലിന് ലിറ്ററിന് 2.94 രൂപയുമാണ് കൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വെള്ളിയാഴ്ച കൂടിയ ഇന്ധനവില കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 93.21 രൂപയായും ഡീസലിന്റെ വില 84.07 രൂപയായും ഉയര്‍ന്നു. അതുപോലെ മുംബൈയിലെ പെട്രോള്‍ വില 99.49 രൂപയും ഡീസലിന് 91.30 രൂപയും കൊല്‍ക്കത്തയില്‍ പെട്രോളിന് 93.27 രൂപയും ഡീസലിന് 86.91 രൂപയും ചെന്നൈയില്‍ പെട്രോളിന് 94.86 രൂപയും ഡീസലിന് 88.87 രൂപയുമാണ്.

ഇന്ധനവില വര്‍ധന മൂലം രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പല നഗരങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയിലെത്തി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലും കഴിഞ്ഞ ആഴ്ച പെട്രോള്‍ വില 100ല്‍ എത്തിയിരുന്നു, ഇപ്പോള്‍, മുംബൈ, ജയ്പുര്‍ നഗരങ്ങളിലും പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *