രാസവള സബ്‌സിഡി 140 ശതമാനം വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം പരിഹരിക്കുന്നതിന് രാസവള സബ്‌സിഡി 140 ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. ഒരു ബാഗ് ഡിഎപി (ഡി- അമോണിയം ഫോസ്‌ഫേറ്റ്) രാസവളത്തിന് ഇനി മുതല്‍ 500 രൂപയില്‍നിന്നും 1,200 രൂപ സബ്‌സിഡിയായി ലഭിക്കും. അതുപ്രകാരം ഒരു ബാഗ് ഡിഎപിക്ക് ഇനി മുതല്‍ 2,400 രൂപയ്ക്ക് പകരം 1,200 രൂപയാവും സബ്‌സിഡി നിരക്കിലുള്ള വില.

രാസവളത്തിന്റെ ആഗോളതലത്തിലുണ്ടായ വിലക്കയറ്റത്തിന്റെ ഭാഗമായാണ് ഒരു ബാഡ് ഡിഎപിക്ക് 2,400 രൂപയായി വര്‍ധിച്ചിരുന്നത്. കഴിഞ്ഞവര്‍ഷം ഇത് 1,200 രൂപയായിരുന്നു. സബ്‌സിഡി നല്‍കി അതേ വിലയ്ക്കുതന്നെ രാസവളം നല്‍കാനാണ് പുതിയ തീരുമാനം. രാസവള സബ്‌സിഡി നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാരിന് 14,775 കോടി രൂപ അധികമായി ചെലവഴിക്കേണ്ടിവരും. 95,000 കോടി രൂപയാണ് മൊത്തം ചെലവ്. അന്താരാഷ്ട്ര വിലക്കയറ്റമുണ്ടായിട്ടുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പഴയ നിരക്കില്‍ വളം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കര്‍ഷകരുടെ ക്ഷേമമാണ് സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ പ്രധാനമെന്ന് പ്രധാനമന്ത്രി ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.

ചരിത്രപരമായ തീരുമാനമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രിയുടെ ഓഫിസ്, കര്‍ഷകരുടെ ക്ഷേമത്തിനായി തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വിലക്കയറ്റത്തിന്റെ ആഘാതം നേരിടേണ്ടതില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വ്യക്തമാക്കി. കഴിഞ്ഞ മാസം അക്ഷയ ത്രിതീയ ദിനത്തില്‍ പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രകാരം 20,667 കോടി രൂപ അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറിയ ശേഷം കര്‍ഷകരുടെ താല്‍പര്യം കണക്കിലെടുത്തുള്ള രണ്ടാമത്തെ പ്രധാന തീരുമാനമാണിതെന്ന് പ്രധാനമന്ത്രി ഓഫിസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *