രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: ചരിത്രം തിരുത്തി തുടര്‍ഭരണം നേടിയ രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

21 അംഗ മന്ത്രിസഭയില്‍ മൂന്ന് വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ പ്രത്യേകം തയ്യാറാക്കി വേദിയിലായിരുന്നു സത്യപ്രതിജ്ഞാചടങ്ങുകള്‍. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
ആദ്യം പിണറായി വിജയനും തുടര്‍ന്ന് കെ. രാജന്‍ (സിപിഐ), റോഷി അഗസ്റ്റിന്‍ (കേരള കോണ്‍ഗ്രസ് എം), കെ. കൃഷ്ണന്‍കുട്ടി (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രന്‍ (എന്‍.സി.പി), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), വി. അബ്ദുറഹ്മാന്‍ (എല്‍.ഡി.എഫ് സ്വത.), ജി.ആര്‍. അനില്‍ (സിപിഐ), കെ.എന്‍. ബാലഗോപാല്‍ (സിപിഎം), പ്രഫ. ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി (സിപിഐ), എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (സിപിഎം), അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ് (സിപിഐ), കെ. രാധാകൃഷ്ണന്‍ (സിപിഎം), പി. രാജീവ്(സിപിഎം), സജി ചെറിയാന്‍, വി. ശിവന്‍ കുട്ടി (സിപിഎം), വി.എന്‍. വാസവന്‍(സിപിഎം), വീണ ജോര്‍ജ് (സിപിഎം) എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു.

മുഖ്യമന്ത്രി പിണറായി വിജയന്‍, കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, ജി.ആര്‍. അനില്‍, കെ.എന്‍. ബാലഗോപാല്‍, പ്രഫ. ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി. ശിവന്‍ കുട്ടി, വി.എന്‍. വാസവന്‍ എന്നിവര്‍ ‘സഗൗരവ’ത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

അതേസമയം റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, ആന്റണി രാജു, വി. അബ്ദുറഹ്മാന്‍, വീണ ജോര്‍ജ് എന്നിവര്‍ ദൈവനാമത്തിലും അഹമ്മദ് ദേവര്‍കോവില്‍ അല്ലാഹുവിന്റെ നാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ സാക്ഷ്യം വഹിച്ചു. സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാര്‍ ഗവര്‍ണറുടെ ചായസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും.

ഗവര്‍ണര്‍ വകുപ്പുകള്‍ സംബന്ധിച്ച വിജ്ഞാപനം ഇന്നിറക്കും. 17 പുതുമുഖങ്ങളുമായി പുതുചരിത്രമെഴുതുകയാണ് രണ്ടാം പിണറായി മന്ത്രിസഭ. അതേസമയം സിപിഎം പ്രവര്‍ത്തകര്‍ വീടകങ്ങളിലെ ടെലിവിഷനുകളിലും ഫോണ്‍ സ്‌ക്രീനുകളിലും കേരള ജനത ചരിത്രമുഹൂര്‍ത്തം വീക്ഷിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്താരായ 54 ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ സ്‌ക്രീനില്‍ തെളിഞ്ഞു.

കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, ശങ്കര്‍ മഹാദേവന്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസ്യ, ഉണ്ണിമേനോന്‍, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ്, മധുബാലകൃഷ്ണന്‍, ശ്വേതാമോഹന്‍, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, ബിജിബാല്‍, രമ്യാനമ്ബീശന്‍, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിചരന്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്‍, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്‍, രഞ്ജിനി ജോസ്, പി കെ മേദിനി, മുരുകന്‍ കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടര്‍ഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകിയത്. സമര്‍പ്പാവതരണം നടത്തിയത് മമ്മൂട്ടിയാണ്.

ഇ.എം.എസ്. മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തുവെന്ന് വിളംബരംചെയ്യുന്നതായിരുന്നു സംഗീത ആല്‍ബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആല്‍ബം മലയാളത്തില്‍ ആദ്യമാണ്. സംവിധായകന്‍ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്‌കാരം. രമേശ് നാരായണന്‍ സംഗീതം ചിട്ടപ്പെടുത്തി. മണ്‍മറഞ്ഞ കവികളുടേതിനുപുറമേ പ്രഭാ വര്‍മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed