കനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയില്‍ നിന്ന് 8 കോടിയിലധികം തട്ടിയ കേസ്; പ്രതി പിടിയില്‍

പത്തനംതിട്ട: കനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. കൊല്ലം പത്തനാപുരം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് ബംഗളൂരുവില്‍ അറസ്റ്റിലായത്. അക്കൗണ്ടില്‍ തിരിമറി നടത്തി എട്ട് കോടി 13 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

14 മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64, 539 രൂപയാണ് പ്രതി കൈക്കലാക്കിയത്. മാസങ്ങള്‍ക്കു മുമ്പ്് നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോര്‍ട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനേജരുടെ പരാതിയില്‍ അന്വേഷണം നടത്തുകയായിരുന്നു.

തട്ടിപ്പ് നടന്ന ബാങ്കിലെ ക്ലാര്‍ക്കായിരുന്നു വിജീഷ് വര്‍ഗീസ്. ഫെബ്രുവരി മാസത്തില്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്നതോടെ പ്രതി ഭാര്യയും രണ്ട് മക്കളുമായി ഒളിവില്‍ പോവുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ബാംഗ്ലൂരില്‍ തമ്പടിച്ച് ഓണ്‍ലൈന്‍ ആഹാര വിതരണ കമ്പനിയുടെ റൂട്ട്മാപ്പ് വഴിയാണ് പോലീസ് പ്രതിതാമസിച്ചിരുന്ന വാടകവീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.

ഷെയര്‍മാര്‍ക്കറ്റുകളിലും, ഓണ്‍ലൈന്‍ റമ്മികളിക്കുമായിട്ടാണ് പ്രതി പണം വിനിയോഗിച്ചിരിക്കുന്നതെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *