മലബാര്‍ മേഖലയില്‍ മില്‍മ പാല്‍സംഭരണം കുറയ്ക്കുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം പാല്‍ വിപണനം കുറഞ്ഞ സാഹചര്യത്തില്‍ മലബാര്‍ മേഖലയില്‍ മില്‍മ പാല്‍സംഭരണം കുറയ്ക്കുന്നു. പാല്‍ സംഭരണം 40 ശതമാനം കുറയ്ക്കാനാണ് തീരുമാനം. നാളെ മുതല്‍ ക്ഷീര സംഘങ്ങളില്‍ നിന്ന് വൈകുന്നേരത്തെ പാല്‍സംഭരിക്കില്ല.

കേരളത്തിലെ 3500ല്‍ പരം വരുന്ന ക്ഷീര സഹകരണ സംഘങ്ങളിലെ എട്ടു ലക്ഷത്തോളം ക്ഷീര കര്‍ഷകരില്‍ നിന്നും മൂന്ന് മേഖല യൂണിയനുകള്‍ വഴി മില്‍മ പ്രതിദിനം 16 ലക്ഷം ലിറ്ററില്‍ അധികം പാല്‍ സംഭരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ കാരണം പ്രതിദിനം സംഭരിക്കുന്ന നാല് ലക്ഷം ലിറ്ററിലധികം പാല്‍ അധികമാണെന്ന് മില്‍മ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സാധാരണഗതിയില്‍ അധികം വരുന്ന പാല്‍ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി അയച്ച്‌ പാല്‍പ്പൊടിയാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ പാല്‍ കയറ്റി അയക്കുന്നതിലും തടസമുണ്ടായി. ഈ സാഹചര്യത്തില്‍ ക്ഷീര മേഖലയെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *