ആംബുലൻസുകൾക്കുള്ള ഓക്സിജൻ സ്റ്റോക്ക് വർധിപ്പിക്കും

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ആംബുലൻസുകൾക്കായുള്ള ഓക്സിജന്റെ സ്റ്റോക്ക് വർധിപ്പിക്കുമെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ഓക്സിജന്റെ തടസ്സമില്ലാത്ത വിതരണം ഇതിലൂടെ ഉറപ്പാക്കാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വഴുതക്കാട് വിമൻസ് കോളേജിലെ ജില്ലാ ഓക്സിജൻ വാർ റൂമിൽ ചേർന്നു.

നിലവിലെ ഓക്സിജൻ ലഭ്യതയും ഉപയോഗവും യോഗത്തിൽ കളക്ടർ വിലയിരുത്തി. സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് നൽകുന്ന ഓക്സിജൻ സിലിണ്ടറുകളുടെ എണ്ണം കൃത്യമായി നിരീക്ഷിക്കും.ഇതിനായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറെ ചുമതലപ്പടുത്തി. ജില്ലയിലെ ഓക്‌സിജന്‍ ഗ്യാസ് സിലിണ്ടര്‍ ഏജന്‍സികളിലെ ഓക്‌സിജന്‍ ലഭ്യതയും പ്രവര്‍ത്തനവും കൃത്യമായി നിരീക്ഷിക്കുന്നതിനായി ഒന്‍പത് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നേരത്തെ നിയമിച്ചിരുന്നു.നെടുമങ്ങാട് സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണയ്ക്കാണ് ഇവരുടെ ഏകോപന ചുമതല.

സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ഓക്സിജൻ ആവശ്യകത, ഉപയോഗം എന്നിവ തിട്ടപ്പെടുത്തുന്നതിനായി ഓക്സിജൻ ഓഡിറ്റ് ടീം രൂപീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

നഴ്‌സസ് ദിനം: നേരിട്ട് ആശംസയറിയിച്ച് കളക്ടര്‍

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ നഴ്‌സുമാര്‍ക്ക് നേരിട്ട് ആശംസയറിയിച്ച് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. ജനറല്‍ ആശുപത്രിയിലെ നഴ്‌സുമാരെ നേരില്‍ കണ്ടാണ് കളക്ടര്‍ ആശംസ അറിയിച്ചത്.

കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്‌സുമാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് കളക്ടര്‍ പറഞ്ഞു. കേവലം വാക്കുകളില്‍ ഒതുങ്ങുന്നതല്ല നഴ്‌സുമാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം. ഇവരുടെ ധീരത എക്കാലവും അറിയപ്പെടുമെന്നും കളക്ടര്‍ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍കൂടുതല്‍ സംഭരണ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിക്കുന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് കളക്ടര്‍ ഡ്യൂട്ടിയിലുണ്ടായിയിരുന്ന നഴ്‌സുമാരുമാരെ നേരിട്ടുകണ്ട് ആശംസ അറിയിച്ചത്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. എസ്. ഷിനു, ജനറല്‍ ആശുപത്രി സൂപ്രണ്ട് പദ്മലത, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ധനുജ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി നഴ്സുമാർ

അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിൽ പങ്കാളികളായി പബ്ലിക്‌ ഹെൽത്ത്‌ നഴ്സിംഗ് വിഭാഗം. നാലു ലക്ഷം രൂപയാണ് വാക്‌സിൻ ചലഞ്ചിലേക്കായി വിഭാഗം നൽകിയത്.

കേരള ഗവൺമെന്റ് പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി രേണു കുമാരിയും വൈസ് പ്രസിഡന്റ് ആശാലത സി.എസ്സും കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസയ്ക്ക് സംഭാവന കൈമാറി. കോവിഡ് പ്രതിസന്ധിയിൽ വേദനിക്കുന്നവർക്ക് ആശ്വാസമേകുന്നതിൽ നഴ്‌സുമാർ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

അഡിഷണൽ ഡിസ്ട്രിക്ട് മാജിസ്‌ട്രേറ്റ് ടി.ജി.ഗോപകുമാർ ചടങ്ങിൽ സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *