ജില്ലയിലെ എല്ലാ ആശുപത്രികളിലും ഓക്‌സിജൻ ഓഡിറ്റ് കമ്മികൾ

തിരുവനന്തപുരം: കോവിഡ് ചികിത്സയുടെ ഭാഗമായി തടസമില്ലാതെ ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിനു ജില്ലയിലെ എല്ലാ ആശുപത്രികളിലും ഓക്‌സിജൻ ഓഡിറ്റ് കമ്മിറ്റികൾ രൂപീകരിക്കാൻ ജില്ലാ കളക്ടറുടെ നിർദേശം. ജില്ലയിലെ മുഴുവൻ സർക്കാർ, സ്വകാര്യ ആശുപത്രികളിലും അടിയന്തരമായി കമ്മിറ്റി രൂപീകരിക്കണമെന്നു നിർദേശിച്ചു കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി.

അഡിഷണൽ മെഡിക്കൽ സൂപ്രണ്ട്, അനസ്‌തേഷ്യ വിഭാഗം മേധാവി, റെസിപിറേറ്ററി മെഡിസിൻ വിഭാഗം മേധാവി, റെസിപിറേറ്ററി മെഡിസിന് പ്രത്യേക വിഭാഗമില്ലാത്ത സ്ഥലങ്ങളിൽ ഇന്റേണൽ മെഡിസിൻ മേധാവി, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെ ഉൾപ്പെടുത്തിയാണു കമ്മിറ്റി രൂപീകരിക്കേണ്ടത്. ആശുപത്രികളിലെ ഓക്‌സിജന്റെ പ്രതിദിന സ്റ്റോക്ക്, ഉപയോഗം, ബാക്കിയുള്ള സ്‌റ്റോക്ക് എന്നിവയുടെ കൃത്യമായ കണക്ക് ഈ കമ്മിറ്റി കൈകാര്യം ചെയ്യണം.

കമ്മിറ്റിയുടെ ഭാഗമായി എല്ലാ ആശുപത്രികളിലും എല്ലാ ഷിഫ്റ്റിലും ഒരു ഓക്‌സിജൻ മോണിറ്ററിങ് ടീം രൂപീകരിക്കണം. ഒരു നഴ്‌സിനേയും ഒരു ഒ.ടി. ടെക്‌നീഷ്യനേയും ഉൾപ്പെടുത്തിയാകണം ടീം രൂപീകരിക്കേണ്ടത്. ഇവർ രോഗികൾക്ക് ഓക്‌സിജൻ നൽകുന്ന സ്ഥലങ്ങളിൽ തുടർച്ചയായി നിരീക്ഷിക്കുകയും ഗ്യാസ് പൈപ്പ് ലൈൻ, ഗ്യാസ് സിലിണ്ടറുകൾ, ഗ്യാസ് ഔട്ട്‌ലെറ്റുകൾ എന്നിവ കൃത്യമായി പരിശോധിക്കുകയും വേണം. തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കണം. ഓക്‌സിജൻ മാസ് ഉപയോഗശേഷം ക്ലോസ് ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതലയും ഈ ടീമിനായിരിക്കും.

ആശുപത്രികളിലെ ഓക്‌സിജൻ ലഭ്യതയും ഉപയോഗവും സംബന്ധിച്ച വിവരങ്ങൾ ഓഡിറ്റ് കമ്മിറ്റി കോവിഡ് ജാഗ്രതാ പോർട്ടലിലെ ഓക്‌സിജൻ മൊഡ്യൂളിൽ കൃത്യമായി രേഖപ്പെടുത്തണം. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ കർശന നടപടിയുണ്ടാകും. ജില്ലയിലെ എല്ലാ ആശുപത്രികളും ആദ്യ ഓക്‌സിജൻ ഓഡിറ്റ് റിപ്പോർട്ട് നാളെ (മേയ് 14) രാവിലെ 11നു മുൻപ് ജില്ലാ ഓക്‌സിജൻ വാർ റൂമിൽ ലഭ്യമാക്കണമെന്നും കളക്ടർ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *