പൊലിമയും ആഘോഷവുമില്ലാതെ തൃശ്ശൂര്‍ പൂരത്തിന് കൊടിയിറക്കം

തൃശ്ശൂര്‍: പൊലിമയും ആഘോഷവുമില്ലാതെ തൃശ്ശൂര്‍ പൂരത്തിന് കൊടിയിറക്കം.

അടുത്തവര്‍ഷം പൊലിമയില്‍ പൂരം നടത്താനാകുമെന്ന പ്രതീക്ഷയില്‍ പാറമേക്കാവ്-തിരുവമ്ബാടി ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്തെത്തി ഉപചാരം ചൊല്ലിപിരിഞ്ഞു. ഇനി 2022മെയ് പത്തിനാണ് അടുത്ത പൂരം.

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണ പൂരം നടത്തിയത്.

കഴിഞ്ഞ ദിവസം പന്ത്രണ്ടരയോടെ ആല്‍ക്കൊമ്ബ് പൊട്ടിവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതോടെ പൂരത്തിന്റെ ബാക്കിയുളള ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി. പേരിന് മാത്രം ചടങ്ങുകള്‍ നടത്തി ഉപചാരം ചൊല്ലി പിരിഞ്ഞു.

അപകടത്തെ തുടര്‍ന്ന് നടത്താനിരുന്ന വെടിക്കെട്ട് തിരുവമ്ബാടി-പാറമേക്കാവ് വിഭാഗങ്ങള്‍ ഉപേക്ഷിച്ചു. വെടിക്കോപ്പുകള്‍ കത്തിച്ച്‌ നിര്‍വീര്യമാക്കുകയാണ് ഇരുവിഭാഗവും ചെയ്തത്.

പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവമ്ബാടിയുടെയും ആറുമണിയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകള്‍ കത്തിച്ച്‌ നിര്‍വീര്യമാക്കി.

പകല്‍പ്പൂരം ചടങ്ങ് മാത്രമായി നടത്തി. തിരുവമ്ബാടി വിഭാഗം ആഘോഷമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് നേരത്തേ എഴുന്നളളത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മേളം നിശ്ചയിച്ചിരുന്നു.

എന്നാല്‍ അപകടമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ മേളം വേണ്ടെന്നുവെച്ചു. 15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് തീരുമാനിച്ചിരുന്നതെങ്കിലും ആഘോഷങ്ങള്‍ ഒട്ടുമില്ലാതെ ചടങ്ങ് മാത്രമായി നടത്താന്‍ ഇരുവിഭാഗവും തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്കുശേഷമായിരുന്നു അപകടം നടന്നത്. മഠത്തില്‍വരവ് പഞ്ചവാദ്യം നടക്കുന്ന അതേസ്ഥലത്താണ് അപകടമുണ്ടായത്. രാത്രിയിലെ പഞ്ചവാദ്യം തുടങ്ങിയ ഉടനെ തൊട്ടടുത്ത തൃപ്പാക്കല്‍ ക്ഷേത്രവളപ്പിലെ ആലിന്റെ വലിയ കൊമ്ബ് പൊട്ടിവീഴുകയായിരുന്നു.

സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവമ്ബാടി ആഘോഷക്കമ്മിറ്റി അംഗം എരവിമംഗലം ഇരിക്കാലില്‍ ഹൗസില്‍ രമേഷ് (56), പൂങ്കുന്നം പണിയത്തുവീട്ടില്‍ രാധാകൃഷ്ണന്‍ (65) എന്നിവരാണ് മരിച്ചത്. വാദ്യക്കാര്‍ ഉള്‍പ്പെടെ ഇരുപത്തേഴോളം പേര്‍ക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *