കേന്ദ്രമന്ത്രി വി മുരളീധരനെതിരെ എ വിജയരാഘവന്‍

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍.

എല്‍.ഡി.എഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് അങ്ങേയറ്റം പരിഹാസ്യമാണെന്ന് എ.വിജയരാഘവന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ കേരളത്തിനുവേണ്ടി ഇതുവരെ ഒരു കാര്യവും ചെയ്യാത്ത മുരളീധരനെ അനുവദിക്കില്ലെന്നും പദവിയുടെ മാന്യത അറിയാത്ത കേന്ദ്ര മന്ത്രി കേരളീയര്‍ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനും, അപഥസഞ്ചാരത്തിനും മന്ത്രിപദവി ദുരുപയോഗം ചെയ്യുന്ന ആളാണ് വി.മുരളീധരനെന്നും വിജയരാഘവന്‍ പറഞ്ഞു. വിദേശ യാത്രയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു യുവതിയെ ഒപ്പം കൂട്ടിയതും സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പല വിവരങ്ങളും വി.മുരളീധരന്റെ മാന്യതയ്ക്ക് തെളിവാണെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

കോവിഡിനെ പ്രതിരോധിക്കുന്നതിന് മുഖ്യമന്ത്രി നടത്തിയ പ്രവര്‍ത്തനം രാജ്യത്തിന്റെയാകെ അഭിനന്ദനം പിടിച്ചുപറ്റിയതാണ്. എന്നാല്‍ കേന്ദ്രമന്ത്രി എന്ന നിലയ്ക്ക് വി.മുരളീധരന്‍ കേരളത്തിന് വേണ്ടി എന്തുചെയ്തുവെന്ന് പറയാന്‍ തയ്യാറുണ്ടോ. ലക്ഷക്കണക്കിന് വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ വിദേശകാര്യ സഹമന്ത്രി എന്ന നിലയ്ക്ക് ചെറുവിരല്‍ പോലും അനക്കിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ഇവിടെ ചുറ്റിക്കറങ്ങി കേരള ജനതയ്‌ക്കെതിരെ അധിക്ഷേപം ചൊരിയുകയാണ് പരിപാടിയെന്നും വിജയരാഘവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed