മന്‍സൂര്‍ വധക്കേസിലെ പ്രതിയെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കി: കെ.സുധാകരന്‍

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം സംബന്ധിച്ച്‌ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രണ്ടാം പ്രതിയെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

പ്രതികള്‍ ഒളിവില്‍ താമസിച്ചത് വളയത്ത് ഒരു സിപിഎം കാരന്റെ വീട്ടിലാണ് . ഇവിടെവെച്ചാണ് ഇവര്‍ പരസ്പരം തമ്മില്‍ തര്‍ക്കമുണ്ടായതും കൊലപാതകത്തിലേക്ക് നയിച്ചതും.

ഒരു പ്രാദേശിക നേതാവിനെതിരെയുണ്ടായ പരാമര്‍ശമാണ് തര്‍ക്കത്തിലേക്ക് നയിച്ചതും പ്രകോപനത്തിനിടയാക്കിയതും. തര്‍ക്കത്തെ തുടര്‍ന്ന് മറ്റുള്ളവര്‍ രതീഷിനെ ആക്രമിക്കുകയായിരുന്നുവെന്നും ബോധംകെട്ട രതീഷിനെ കെട്ടിത്തൂക്കുകയായിരുന്നുവെന്നും സുധാകരന്‍ പറയുന്നു. നാട്ടില്‍നിന്ന് ലഭിക്കുന്ന വിവരം വെച്ചാണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പനോളി വല്‍സന്‍ എന്ന നേതാവാണ് മന്‍സൂര്‍ കൊലക്കേസ് ആസൂത്രണം ചെയ്തത്. വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് ചാര്‍ജ് ഉണ്ടായിരുന്ന സ്ഥലത്ത് പനോളി വല്‍സന്‍ വരാതിരുന്നത് സംശയകരമാണെന്ന് സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *