ചങ്ങനാശേരി: മുന്‍മന്ത്രിയും ചങ്ങനാശേരി നഗരസഭാ മുന്‍ ചെയര്‍മാനും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വാഴപ്പള്ളി കല്ലുകളം വീട്ടില്‍ കെ.ജെ. ചാക്കോ (91) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌ക്കാരം ബുധനാഴ്ച്ച നടത്തും.

1979 ല്‍ മന്ത്രിയായിയിരുന്ന കെ.ജെ. ചാക്കോയാണ് പെസഹാ വ്യാഴാഴ്ച പൊതു അവധി ദിവസമായി പ്രഖ്യാപിച്ചത്. ചങ്ങനാശേരി എസ്.ബി. കോളേജില്‍ നിന്ന് ബി.എയും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. 1964 ല്‍ ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ട ചാക്കോ പ്രഗത്ഭനായ ഒരു അഭിഭാഷകനെന്ന നിലയിലും അറിയപ്പെട്ടു. ചങ്ങനാശേരിയുടെ മഹത്തായ മതസൗഹാര്‍ദ്ദ പാരമ്ബര്യത്തിന് കോട്ടം വരുത്തിയ പറാല്‍ സംഭവത്തിന് അടിയന്തര പരിഹാരമുണ്ടാക്കുന്നതിനും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും ചാക്കോ ചെയ്ത സേവനങ്ങള്‍ വിസ്മരിക്കുവാന്‍ സാധിക്കുകയില്ല.

1970 ലും 1977 ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിലും ചാക്കോ വിജയംവരിച്ചു. 1979 ല്‍ സി.എച്ച്‌. മുഹമ്മദ് കോയ രൂപീകരിച്ച മന്ത്രിസഭയില്‍ ചാക്കോയെ ഉള്‍പ്പെടുത്തി. റവന്യൂ, ട്രാന്‍സ്‌പോര്‍ട്ട്, എക്‌സൈസ് വകുപ്പുകളിലായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്. മില്‍മ ചെയര്‍മാന്‍, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയംഗം, ഇന്‍ഷുറന്‍സ് കമ്മറ്റി മെമ്ബര്‍, പെറ്റിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ നിയമസഭാകമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചു. 1962 മുതല്‍ തുടര്‍ച്ചയായി വാഴപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്ബറായും 1984 മുതല്‍ 35 വര്‍ഷക്കാലം ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പുത്തന്‍പുരാണം എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

ഭാര്യ: ത്രേസ്യാക്കുട്ടി ചേര്‍ത്തല തൈക്കാട്ടുശ്ശേരി പറമ്ബത്തറ കുടുംബാംഗമാണ്. മക്കള്‍: ഡെയ്‌സി (യു.എസ്.എ), ജോയി (യു.എസ്.എ), ലിസ്സി (സയന്റിസ്റ്റ് ബി.എ.ആര്‍.സി), ആന്‍സി.മരുമക്കള്‍: മാത്യൂ തോമസ് മൂങ്ങാ മുക്കില്‍ (എറണാകുളം), ജൂബി ചാക്കോ ശങ്കൂരിക്കല്‍, (തിരുവനന്തപുരം), പയസ്സ് റ്റി.എ തളികനേഴത്ത്, റ്റോണി കണ്ണന്താനം, (എറണാകുളം).

Leave a Reply

Your email address will not be published. Required fields are marked *