ശബരിമല : സ്‌റ്റേ ഇല്ല; പുനപരിശോധനാ, റിട്ട് ഹര്‍ജ്ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ നല്‍കാതെ സുപ്രീംകോടതി. എന്നാല്‍ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിട്ട്, റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.
2019 ജനുവരി 22 ന് റിട്ട്, റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കും.റിട്ട് ഹര്‍ജികള്‍ തള്ളണമെന്ന സര്‍ക്കാര്‍ വാദവും നിലനിന്നില്ല.സമര്‍പ്പിക്കപ്പെട്ട എല്ലാ റിട്ട് ഹര്‍ജികളും പുന:പരിശോധന ഹര്‍ജികള്‍ക്കൊപ്പം പരിഗണിയ്ക്കുമെന്ന് കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാണ് പുന:പരിശോധന ഹര്‍ജികള്‍ പരിഗണിച്ചത്.എല്ലാ കക്ഷികള്‍ക്കും,സര്‍ക്കാരിനും,നോട്ടീസ് അയയ്ക്കാനും കോടതി തീരുമാനിച്ചു.
ശബരിമല യുവതീ പ്രവേശനവിധിക്കെതിരെ സുപ്രീംകോടതിയില്‍ ശബരിമല അയ്യപ്പ സേവാ സമാജം ,വിശ്വഹിന്ദു പരിഷത്ത്,നായര്‍ സര്‍വീസ് സൊസൈറ്റി, പന്തളം രാജകുടുംബം, പീപ്പിള്‍ ഫോര്‍ ധര്‍മ, ദേശീയ അയ്യപ്പഭക്തജന വനിതാകൂട്ടായ്മ, സന്നദ്ധസംഘടനയായ ചേതന എന്നിവരുടേതടക്കം 49 പുന:പരിശോധന ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്.
കഴിഞ്ഞ സെപ്റ്റംബര്‍ 28 നാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഭരണാഘടനാ ബഞ്ചിന്റെ വിധി വന്നത്.അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക്ക് മിശ്ര,ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍,എ എം ഖാന്വില്‍ക്കര്‍,ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് വിധി പ്രസ്താവിച്ചത്. ബഞ്ചിലെ ഒരേയൊരു വനിതാ ജഡ്ജിയായിരുന്ന ഇന്ദു മല്‍ഹോത്ര വിധിയെ എതിര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *