മന്ത്രി തിലോത്തമന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സി.പി.ഐ പുറത്താക്കി

ചേര്‍ത്തല: മന്ത്രി തിലോത്തമന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ സി.പി.ഐ പുറത്താക്കി. ചേര്‍ത്തലയിലെ ഇടതു സ്ഥാനാര്‍ത്ഥി പി പ്രസാദിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ചേര്‍ത്തല കരുവ ബൂത്ത് സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന പി പ്രദ്യോതിനെയാണ് പുറത്താക്കിയത്. തിരഞ്ഞെടുപ്പ് പ്രവര്‍‍ത്തനത്തിന് ഇറങ്ങാത്തതിനെ തുടര്‍‍ന്നാണ് നടപടി. തിലോത്തമനെ സ്ഥാനാര്‍‍ത്ഥിയാക്കാത്തതിലെ അതൃപ്‌തിയെ തുടര്‍ന്നാണ് ഇദ്ദേഹം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങാത്തത് എന്നാണ് വിലയിരുത്തല്‍.

തിലോത്തമനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ സി.പി.ഐയില്‍ പ്രദേശികമായ എതിര്‍പ്പുണ്ടായിരുന്നു. പി.പ്രസാദ് ചേര്‍ത്തലയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയപ്പോള്‍ പാര്‍ട്ടിയുടെ പല ഘടകങ്ങളും സജീവമായിരുന്നില്ല.

ഇത് മണ്ഡലത്തിലെ സി.പി.ഐയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കിയിരുന്നു.തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ വിലയിരുത്തലില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് പ്രദ്യോതിനെതിരെ നടപടിയെടുക്കുകയുമായിരുന്നു.

മന്ത്രി പങ്കെടുത്ത യോഗത്തിലാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ നടപടിയുണ്ടായത്. പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്കാണ് പുറത്താക്കിയത്. കൂടുതല്‍ പേര്‍ക്കെതിരെ വരുംദിവസങ്ങള്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *